മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിനെതിരെ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു; ഇഡിക്ക്‌ ഡല്‍ഹികോടതിയുടെ രൂക്ഷവിമർശനം

Update: 2024-06-21 11:31 GMT

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യുകോടതി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ നടത്തിയത് രൂക്ഷവിമര്‍ശനം. കെജ്‌രിവാളിനെതിരെ നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇ.ഡി പരാജയപ്പെട്ടുവെന്ന് ജാമ്യം അനുവദിച്ച അവധിക്കാല ജഡ്ജ് ന്യായ് ബിന്ദു നിരീക്ഷിച്ചു. ഹാജരാക്കിയ തെളിവുകള്‍ പോരെന്ന മനസിലാക്കിയ ഇ.ഡി, ഏതുവിധേനയും അത് കണ്ടുപിടിക്കാന്‍ ശ്രമിക്കുയാണെന്നും കോടതി കുറ്റപ്പെടുത്തി.

മാപ്പു സാക്ഷികളെ സംബന്ധിച്ച ഇ.ഡിയുടെ വാദത്തെ കോടതി ശക്തമായി എതിര്‍ത്തു. അന്വേഷണം ഒരു കലയാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ കഥ വെളിപ്പെടാന്‍ ഒരു പ്രതിയെ ജാമ്യം നല്‍കുന്നതിലൂടെയോ മാപ്പുസാക്ഷിയാക്കുന്നതിലൂടെയോ പ്രേരിപ്പിക്കുമെന്നായിരുന്നു ഇ.ഡിയുടെ വാദം. എന്നാല്‍, ഈ വാദം ഏതൊരു വ്യക്തിയേയും കുടുക്കാനും അഴിക്കുള്ളിലാക്കാനും കാരണമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണഏജന്‍സി പക്ഷപാതമില്ലാതെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് അനുമാനിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

സ്വാഭാവിക നീതി ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ഇ.ഡിയുടെ നടപടികള്‍. സി.ബി.ഐ. കേസിലോ ഇ.സി.ഐ.ആര്‍. എഫ്.ഐ.ആറിലോ തന്റെ പേരില്ലെന്നടക്കമുള്ള കെജ്‌രിവാള്‍ ഉയര്‍ത്തിയ ചില കാര്യങ്ങളില്‍ ഇ.ഡി. മൗനം പാലിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. കെജ്‌രിവാളിന്റെ നിര്‍ദേശത്തിലാണ് കേസിലെ മറ്റൊരു പ്രതിയും മലയാളിയുമായ വിജയ് നായര്‍ പ്രവര്‍ത്തിച്ചതെന്ന് സാധൂകരിക്കാന്‍ ഇ.ഡി. തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. വിനോദ് ചൗഹാനില്‍നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കാന്‍ കേന്ദ്രഏജന്‍സിക്ക് സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

മദ്യനയക്കേസില്‍ മാര്‍ച്ച് 21-ന് അറസ്റ്റുചെയ്യപ്പെട്ട കെജ്‌രിവാളിന് വ്യാഴാഴ്ച വൈകീട്ടാണ് ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി. ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഇ.ഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് വരെ ജാമ്യം ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു.

Tags:    

Similar News