ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

Update: 2023-12-24 07:28 GMT

ഇന്ത്യക്കാർ ജോലി ചെയ്യുന്ന ചരക്ക് കപ്പലിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം . എം വി സായിബാബ എന്ന കപ്പലിന് നേരെയാണ് ചെങ്കടലില്‍ വച്ച് ആക്രമണം ഉണ്ടായത്. ഇന്ത്യക്കാരടക്കമുള്ള എല്ലാ കപ്പല്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. അതേസമയം ഇന്നലെ അറബിക്കടലില്‍ വച്ച് ഡ്രോണ്‍ ആക്രമണം നേരിട്ട കപ്പൽ കോസ്റ്റ്ഗാർഡിന്റെ അകമ്പടിയില്‍ മുംബൈ തീരത്തേക്ക് തിരിച്ചു.

ആഫ്രിക്കൻ രാജ്യമായ ഗബോണിന്‍റെ കൊടി വഹിക്കുന്ന ചരക്ക് കപ്പലാണ് ഡ്രോണ്‍ ആക്രമണം നേരിട്ടത്. ചെങ്കടലില്‍ വച്ചായിരുന്നു ആക്രമണം. കപ്പലിലെ 25 ജീവനക്കാർ ഇന്ത്യക്കാരാണ്. എന്നാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാവികസേന അറിയിച്ചു. ഇന്ത്യൻ കൊടിയുള്ള കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അമേരിക്കൻ നാവികസേന അറിയിച്ചെങ്കിലും ഇത് ഇന്ത്യൻ നാവികസേന നിഷേധിച്ചു.

കപ്പലിന് നേരെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്ക നല്‍കുന്ന വിവരം. അതേസമയം ഇന്നലെ ആക്രമണം നേരിട്ട ഇസ്രയേല്‍ ബന്ധമുളള കപ്പല്‍ തീര സംരക്ഷണസേനയുടെ അകമ്പടിയില്‍ മുംബൈ തീരത്തേക്ക് വരികയാണ്. ഈ കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായ വരുമ്പോഴാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. സ്ഫോടനവും തീപിടിത്തവും ഉണ്ടായെങ്കിലും തീ അണക്കാനായതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഡ്രോൺ ഇറാനിൽ നിന്നെന്ന് അമേരിക്ക ആരോപിച്ചെങ്കിലും ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു.

Tags:    

Similar News