ഡോക്ടറുടെ കൊലപാതകം; സർക്കാർ ധനസഹായം നിരസിച്ച് ഡോക്ടറുടെ പിതാവ്

Update: 2024-08-16 05:18 GMT

ബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ വാർത്താ ഏജൻസിയോട് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനർജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.

ബിജെപി ഇന്ന് മമത ബാനർജിയുടെ വീട്ടിലേക്ക് മാർച്ച് നടത്തും. കൊൽക്കത്തയിൽ സിപിഎം ഇന്ന് പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ദ് തുടരുകയാണ്. കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ ഡോക്ടർ കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കനത്ത പൊലീസ് വിന്യാസം തുടരുകയാണ്. ആർജി കർ ആശുപത്രിയിലെ അക്രമണവുമായി ബന്ധപ്പെട്ട് 19 പേർ അറസ്റ്റിലായെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. അഞ്ചു പേരെ തിരിച്ചറിഞ്ഞത് അക്രമത്തിൻറെ ദൃശ്യങ്ങളിലൂടെയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു.

അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായുള്ള പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയിലെ ആർജി കർമെഡിക്കൽ കോളേജിലെ വനിത ഡോക്ടർ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായി പ്രതിക്ഷേധിച്ചു കൊണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിൽ കേരള ഘടകവും ശക്തമായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആശുപത്രി അക്രമനത്തിന് എതിരെ കേന്ദ്ര നിയമം നടപ്പാക്കുക, കേസിലെ പ്രതികളെ നിയത്തിന്റെ മുന്നിൽ കൊണ്ട് വരുക തുടങ്ങിയവ ആണ് ആവശ്യം. സമരത്തിൽ ഐ എം എ യോടൊപ്പം കേരളത്തിലെ വിവിധ ഡോക്ടർമാരുടെ സംഘടനയും പിൻതുണ പ്രഖ്യാപിച്ചു. കേരളത്തിൽ ഉൾപ്പെടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടർമാർ ഉൾപ്പെടെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചുകൊണ്ട് സമരം തുടരുകയാണ്.

Tags:    

Similar News