'തങ്ങളും സഖ്യത്തിന്റെ ഭാഗം 'മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് ഓർമപ്പെടുത്തലുമായി ഉപമുഖ്യമന്ത്രി അജിത് പവാർ ; മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യത്തിൽ വിള്ളലെന്ന് സൂചനകൾ

Update: 2024-08-01 08:16 GMT

മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ (എന്‍.ഡി.എ) വിള്ളലെന്ന് സൂചനകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഒറ്റപ്പെട്ട അജിത് പവാറിന്റെ എൻ.സി.പിക്ക് ഇപ്പോൾ സഖ്യധർമം പാലിക്കണമെന്ന് വരെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയോട് ആവശ്യപ്പെടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്രയിൽ പുതുതായി തുടങ്ങാനിരിക്കുന്ന ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർമ്മാണ പദ്ധതിയുടെ കരാർ ഒപ്പിടുന്ന ചടങ്ങാണ് രാഷ്ട്രീയ വിവാദമായത്. ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിനെ ചടങ്ങിലേക്ക് വിളിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഏക്‌നാഥ് ഷിൻഡയെ ഫോണില്‍ വിളിച്ച് അതൃപ്തി വ്യക്തമാക്കിയ അജിത് പവാർ, ഞങ്ങളും മഹായുതി സഖ്യത്തിന്റെ ഭാഗമാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു.

പവാറിന് പുറമെ വ്യവസായ മന്ത്രി ഉദയ് സാമന്തിനെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. മലബാർ ഹില്ലിലെ സംസ്ഥാന ഗസ്റ്റ് ഹൗസായ സഹ്യാദ്രിയിലായിരുന്നു ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ്. അതേസമയം തന്നെ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്യുന്ന യോഗത്തിലായിരുന്നു പവാറും സാമന്തും. ഈ യോഗത്തില്‍ വ്യവസായ വകുപ്പിലെയും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഹാജരായില്ല.

ഇവര്‍ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങിലേക്കാണ് പോയത്. ഇവര്‍ എത്താതായതോടെയാണ് ചടങ്ങ് നടക്കുന്നുണ്ടെന്ന് അജിത് അറിഞ്ഞതത്രെ. ഇതോടെ ശിവസേന പക്ഷക്കാരനായ സാമന്തിനോട്, പവാര്‍ ദേഷ്യപ്പെട്ടു. വ്യവസായ വകുപ്പുകളുടെ തലവൻ എന്ന നിലയിൽ അവിടെ നിങ്ങളുണ്ടാവേണ്ടതില്ലേ എന്ന് ചോദിച്ചു. എന്നാല്‍ തന്നെയും അറിയിച്ചില്ലെന്ന് സാമന്ത് പറഞ്ഞതോടെയാണ് പവാര്‍ ഫോണെടുത്ത് ഷിന്‍ഡയെ വിളിച്ചത്.

ഇതോടെ അജിതും സാമന്തും എത്തുന്നത് വരെ, ഷിന്‍ഡെ, ചടങ്ങ് നീട്ടിവെപ്പിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ച ലഡ്കി ബഹൻ യോജന പദ്ധതിയുടെ ക്രെഡിറ്റിനെച്ചൊല്ലി ഇരുവരും തമ്മിൽ ഉടക്കിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ധനമന്ത്രി എന്ന നിലയിൽ തന്റെ സംഭാവനയാണിതെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. എന്നാൽ തന്റെ നിർദേശമാണെന്നാണ് ഏക്‌നാഥ് ഷിൻഡെയുടെ പക്ഷം. പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ സ്റ്റൈപ്പൻഡ് നൽകുന്ന പദ്ധതിയാണിത്.

Tags:    

Similar News