ബംഗളൂരുവിൽ ഡെങ്കിപ്പനി ബാധ വർധിക്കുന്നതിനിടെ ഒരു മരണവും രേഖപ്പെടുത്തി. സി.വി. രാമൻ നഗർ സ്വദേശിയായ 27കാരനാണ് ഡെങ്കി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ ഡെങ്കിപ്പനി മരണമാണിതെന്ന് ബി.ബി.എം.പി ചീഫ് ഹെൽത്ത് ഓഫിസർ ഡോ. സയ്യിദ് സിറാജുദ്ദീൻ മദനി അറിയിച്ചു. മരണത്തെതുടർന്ന് ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി നടത്താൻ ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്.
27കാരനെ കൂടാതെ അർബുദ ബാധിതയായ 80കാരിയുടെ മരണവും ഡെങ്കിപ്പനി ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സംശയിച്ചിരുന്നു. എന്നാൽ, അന്തിമ റിപ്പോർട്ടിൽ ഇവർ മരിച്ചത് ഡെങ്കിപ്പനിമൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൺസൂൺ കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പല ജില്ലകളിലും ഡെങ്കി കേസുകൾ വർധിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ബംഗളൂരു നഗരത്തിൽ കഴിഞ്ഞ ജനുവരി മുതൽ 1743 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്താകെ 5374 ഡെങ്കിപ്പനി കേസും അഞ്ചു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ ആശുപത്രികളിൽനിന്നും മരണ കേസുകളുടെ വിവരം തേടുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കൊതുകുകൾ പെറ്റു പെരുകുന്നത് തടയാൻ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ബി.ബി.എം.പി ഡ്രൈഡേ ആചരണം ആസൂത്രണം ചെയ്തിട്ടുണ്ട്.