വിവാഹബന്ധത്തില്‍ പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി
ജീവിതപങ്കാളിക്ക് മനഃപൂര്‍വം ലൈംഗികത നിഷേധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. വിവാഹത്തിനുശേഷം 35 ദിവസംമാത്രം ഒന്നിച്ചുകഴിഞ്ഞ ദമ്പതിമാര്‍ക്ക് വിവാഹമോചനം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
ഭാര്യ ലൈംഗികത നിഷേധിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവ് വിവാഹമോചനക്കേസ് നല്‍കിയത്. പങ്കാളികള്‍ തമ്മില്‍ ലൈംഗികബന്ധം നടക്കാത്തതിനാല്‍ വിവാഹം പൂര്‍ണതയിലെത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഹിന്ദു ആചാരപ്രകാരം 2004-ലാണ് ഇവര്‍ വിവാഹിതരായത്. ദിവസങ്ങള്‍ക്കുശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. പിന്നീട് തിരിച്ചുവന്നതുമില്ല. ഇതോടെ, വിവാഹമോചനമാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബക്കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത അധ്യക്ഷനായ ബെഞ്ചാണ് വിവാഹമോചനം നല്‍കിക്കൊണ്ടുള്ള കുടുംബക്കോടതി ഉത്തരവിനെതിരായ ഭാര്യയുടെ അപ്പീല്‍ തള്ളിയത്. വനിതാ ജഡ്ജിയായ നീനാ ബന്‍സല്‍ കൃഷ്ണയും ബെഞ്ചില്‍ അംഗമായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉപദ്രവിച്ചെന്നാരോപിച്ച് ഭാര്യ പോലീസിലും പരാതി നല്‍കിയിരുന്നു.