തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു നടക്കും. ക്യാരക്‌ടർ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു ദശാബ്ദക്കാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഡൽഹി ഗണേഷ് ഏറെ പ്രശംസ പിടിച്ചുപറ്റി. അപൂർവ സഹോദരങ്ങൾ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.