റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി. ഒക്ടോബര്‍ 27-നാണ് ഷദാബ് ഖാന്‍ എന്ന പേരില്‍ ഇ-മെയില്‍ വഴി ഭീഷണിസന്ദേശം ലഭിച്ചത്. 20 കോടി രൂപ നല്‍കിയെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്. സംഭവത്തില്‍ മുകേഷ് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
'ഞങ്ങള്‍ക്ക് 20 കോടി രൂപ നല്‍കിയെങ്കില്‍ നിങ്ങളെ കൊല്ലും' എന്നാണ് ഇ-മെയില്‍ വഴി ലഭിച്ച ഭീഷണിസന്ദേശത്തിലുള്ളത്. 'ഇന്ത്യയിലെ മികച്ച ഷൂട്ടര്‍മാര്‍ ഞങ്ങള്‍ക്കുണ്ടെന്നും' സന്ദേശത്തില്‍ പറയുന്നു.
അംബാനിയുടെ മുംബൈയിലെ വസതിയായ 'ആന്റില'യിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീഷണിസന്ദേശം സംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയിട്ടുള്ളത്. ഇതോടെ വിവിധ വകുപ്പുകള്‍പ്രകാരം മുംബൈ ഗാംദേവി പോലീസ് കേസെടുക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
മുകേഷ് അംബാനിക്ക് നേരേ ഇതിന് മുന്‍പും പലതവണ വധഭീഷണികളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അംബാനിക്കും കുടുംബത്തിനും നേരേ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അംബാനിയുടെ വസതിയും എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയും ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 2021-ല്‍ അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ഈ കേസില്‍ പിന്നീട് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനടക്കം അറസ്റ്റിലായി.