ഡാറ്റാ സംരക്ഷണ കരട് ബില്‍: വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി രൂപ വരെ പിഴ
ഐടി കമ്പനികൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയ്ക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റിലാണ് ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
പൗരസ്വാതന്ത്ര്യവും രാജ്യസുരക്ഷയും ഊട്ടിയുറപ്പിക്കുകയാണ് ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമത്തിന്‍റെ (Digital Personal Data Protection) ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിവിവരങ്ങൾ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ നിയമം വഴി കഴിയുമെന്നും അതിനാലാണ് ഡാറ്റാ സംരക്ഷണ ബോർഡിന് രൂപം നല്‍കാൻ ബില്ലിൽ ശുപാർശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യക്തിവിവരങ്ങൾക്ക് മുകളിലെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ പൗരൻമാർ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കാനാകുമെന്നും ചൂഷണങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനാകുമെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.