ധബോൽക്കർ വധക്കേസ്; കോടതി വിധിയിൽ താൻ സന്തുഷ്ടനല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ

Update: 2024-05-11 07:02 GMT

നരേന്ദ്ര ധബോൽക്കർ വധക്കേസിലെ കോടതി വിധിയിൽ താൻ സന്തുഷ്ടനല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ രം​ഗത്ത്. മാത്രവുമല്ല കൊലപാതകത്തിൽ പങ്കുള്ള വലതുപക്ഷ സംഘടനയായ സനാതൻ സൻസ്ത ഒരു തീവ്രവാദ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. സനാതൻ സൻസ്തയുടെ പങ്ക് എന്താണെന്നും കൊലപാതകത്തിന്‍റെ സൂത്രധാരൻ ആരാണെന്നും വ്യക്തമാക്കിയിട്ടില്ലെന്നും ചവാൻ പറഞ്ഞു. സനാതൻ സൻസ്തയെ നിരോധിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നെന്നും ആവശ്യം ഇപ്പോഴും കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇന്നലെ പൂനെയിലെ യു.എ.പി.എ കേസുകൾക്കായുള്ള പ്രത്യേക കോടതി ധബോൽക്കർ വധക്കേസിൽ രണ്ട് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. സച്ചിൻ അന്ദുരെ, ശരത് കലസ്കർ എന്നിവരെയാണ് ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇ എൻ ടി സർജൻ താവ്‌ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടത്.

2013 ഓഗസ്റ്റ് 20 ന് പ്രഭാത നടത്തത്തിനിടയിലാണ് അന്ധവിശ്വാസ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ധബോൽക്കർ വെടിയേറ്റ് മരിക്കുന്നത്. ധബോൽക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (അന്ധവിശ്വാസ നിർമാർജന സമിതി) നടത്തുന്ന പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. യു എ പി എയിലെ ചില വകുപ്പുകൾ കേസിൽ ചേർത്തിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇവ തെളിയിക്കാനായി​ല്ലെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. കൂടാതെ വിചാരണവേളയിൽ കൊലപാതകത്തെ ന്യായീകരിക്കുന്ന ചില പ്രസ്താവനകൾ ഉണ്ടായത് ഖേദകരമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടുകയും ചെയ്തു.

കൊലപാതകത്തിന്റെ സൂത്രധാരന്മാർ ഇപ്പോഴും ഒളിവിലാണെന്നും വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നുമാണ് ധബോൽക്കറിന്റെ മകൾ മുക്ത പ്രതികരിച്ചത്. അതേസമയം, ധബോൽക്കർ കൊല്ലപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽ ഹിന്ദുത്വ അനുകൂലികളായിരിക്കാം കൊലപാതകം നടത്തിയതെന്ന് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പൃഥ്വിരാജ് ചവാൻ മാധ്യമങ്ങളോട് പറഞ്ഞത് അന്വേഷണം വഴിതെറ്റിച്ചു എന്നാണ് സനാതൻ സൻസ്ത വക്താവ് അഭയ് വർത്തക് പറഞ്ഞത്.

Tags:    

Similar News