കർണാടകത്തിൽ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര്; രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് രൂപ

Update: 2023-02-20 08:08 GMT

കർണാടകത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് മുറുകുന്നു. ഏറ്റവുമൊടുവിൽ രോഹിണി സിന്ദൂരിയുടെ ചില സ്വകാര്യ ചിത്രങ്ങളാണ് ഡി.രൂപ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് രോഹിണി സിന്ദൂരി അയച്ചുനൽകിയ ചിത്രങ്ങളാണിതെന്ന് അവകാശപ്പെട്ടാണ് ഏഴ് ചിത്രങ്ങൾ രൂപ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സർവീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങൾ അയച്ചുനൽകുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം.

അതേസമയം, രൂപയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മാനസികനില തെറ്റിയപോലെയാണ് അവർ പെരുമാറുന്നതെന്നും രോഹിണി സിന്ദൂരി പ്രതികരിച്ചു. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്നും വാട്സാപ്പ് സ്റ്റാറ്റസുകളിൽനിന്നും സ്‌ക്രീൻഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ചില ഉദ്യോഗസ്ഥർക്ക് അയച്ചുനൽകിയതാണെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയാണെങ്കിൽ ആ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെടുകയാണെന്നും രൂപയ്ക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി പറഞ്ഞു. രോഹിണി സിന്ദൂരി നിലവിൽ ദേവസ്വം കമ്മിഷണറും ഡി. രൂപ കർണാടക കരകൗശല വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറുമാണ്.

ശനിയാഴ്ച രോഹിണി സിന്ദൂരിക്കെതിരേ അഴിമതി ഉൾപ്പെടെയുള്ള ഇരുപതോളം ആരോപണങ്ങളാണ് രൂപ സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് രോഹിണിയുടെ ചില സ്വകാര്യ ചിത്രങ്ങളും അവർ പങ്കുവെച്ചത്. രോഹിണി സിന്ദൂരി ജെ.ഡി.എസ്. എം.എൽ.എ. സാരാ മഹേഷുമൊന്നിച്ച് റെസ്റ്റോറന്റിലിരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് രൂപ ആരോപണങ്ങളുന്നയിച്ചു തുടങ്ങിയത്.

2021-ൽ രോഹിണി മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്ന സമയത്ത് അഴിമതിയെ ചൊല്ലി എം.എൽ.എ.യുമായി പലതവണ വാക്കേറ്റമുണ്ടായിരുന്നു. കനാൽ കയ്യേറി എം.എൽ.എ. കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് കാണിച്ച് രോഹിണി എം.എൽ.എ.ക്കെതിരേ റിപ്പോർട്ടും നൽകി. ഇതിനെതിരേ എം.എൽ.എ. രോഹിണിക്കെതിരേ അപകീർത്തി കേസും ഫയൽചെയ്തിരുന്നു. ചിത്രം വന്നതോടെ രോഹിണിയും എം.എൽ.എ.യും തമ്മിൽ അനുരഞ്ജനത്തിലെത്തിയോയെന്നും രാഷ്ട്രീയക്കാരനുമായി ഉദ്യോഗസ്ഥ കൂടിക്കാഴ്ച നടത്തുന്നതിലെ അനൗചിത്യവുമാണ് രൂപ ചൂണ്ടിക്കാട്ടിയത്.

Tags:    

Similar News