റിമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ കരതൊട്ടു ; കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റേമൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ കരതൊട്ടു. കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗ്ലാദേശിലെ ഖേപുപറയ്ക്കും ബംഗാളിലെ സാഗർദ്വീപിനും മധ്യേയാണ് കാറ്റ് കരതൊട്ടത്.
കൊൽക്കത്ത, ഹുബ്ലി, ഹൗറ എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും വീശി. തീരദേശത്തും താഴ്ന്ന പ്രദേശത്തുമുള്ള നിരവധി പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നിരവധി പ്രദേശങ്ങളിൽ മരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. ദുരന്തനിവാരണ സേന എത്തി റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി. കൊൽക്കത്ത വിമാനത്താവളം അടച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊലീസ് കൺട്രോൾ റൂമുകൾ തുറന്നു. ഇന്ന് രാവിലെയോടെ കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.