രാജ്യത്ത് 5ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷനാണ് ഇന്ത്യാ മൊബൈല്‍ കോൺഗ്രസ്.
ഒക്ടോബർ 12 മുതല്‍ 5ജി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് 5ജി സേവനം ലഭ്യമാക്കുക. ഈയടുത്താണ് 5ജി സ്പെക്ട്രം ലേലം പൂര്‍ത്തിയായത്. ജിയോ, എയര്‍ടെല്‍ എന്നിവരാണ് കൂടുതല്‍ സ്പെക്ട്രം സ്വന്തമാക്കിയത്.
5ജി നടപ്പായാല്‍ രാജ്യത്തെ മൊബൈല്‍-ഇന്‍റര്‍നെറ്റ് രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമിടുക. 4ജിയേക്കാള്‍ പത്തിരട്ടിയായിരിക്കും ഇന്‍റര്‍നെറ്റ് വേഗത. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകളിലായിരിക്കും സേവനം ലഭിക്കുക. 5ജി സേവനം ലഭിക്കാനായി നിലവിലെ 4ജി സിം കാര്‍ഡ് മാറ്റേണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്.