കര്‍ണാടകയിൽ ഏറെ വിവാദമായ ഹിജാബ് നിരോധനം കോൺഗ്രസ് സർക്കാർ എടുത്തുകളയുമെന്നു സൂചന. ബിജെപിയുടെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളിലൊന്നു ഹിജാബ് നിരോധനമായിരുന്നെന്നാണു വിലയിരുത്തൽ. സർക്കാർ അധികാരമേറ്റശേഷം ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് വിവരം.
''ദൈവഹിതമുണ്ടെങ്കില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം വരുംദിനങ്ങളിൽ ഞങ്ങൾ എടുത്തുകളയും. ആ പെണ്‍കുട്ടികള്‍ക്ക് തിരികെ പഠിക്കാനുള്ള അവസരം നല്‍കും. അവര്‍ക്കു പരീക്ഷകള്‍ എഴുതാന്‍ സാധിക്കും. വിലപ്പെട്ട 2 വര്‍ഷങ്ങളാണു പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടത്''– കോണ്‍ഗ്രസിലെ ഏക മുസ്‍ലിം വനിതാ എംഎല്‍എയായി ജയിച്ച കനീസ് ഫാത്തിമ പറഞ്ഞു.
ഉത്തര ഗുൽബറഗയിൽ ബിജെപിയുടെ ചന്ദ്രകാന്ത് ബി.പാട്ടീലിനെ 2,712 വോട്ടുകള്‍ക്കാണു കനീസ് തോൽപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണു കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കി ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ പഠനം ഉപേക്ഷിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.