മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ബസവരാജ് പാട്ടീൽ പാർട്ടി വിട്ടു
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. മുബൈയിലെ ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം എടുക്കുകയായിരുന്നു. ബസവരാജ് പാട്ടീലിന്റെ രാജി മഹാരാഷ്ട്രയിൽ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേര്‍ന്നത്. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡനാവിസുമായി പാട്ടീൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട അശോക് ചവാന്‍റെ അടുത്ത അനുയായി ആണ് ബസവരാജ് പാട്ടീൽ.
മറാത്തവാഡ മേഖലയിലെ ലിംഗായത്ത് നേതാവായ ബസവരാജ് പാട്ടീലിന്റെ രാജി കോണ്‍ഗ്രസിന് വലിയ തലവേദനയാകും. മഹാരാഷ്ട്രയിൽ രണ്ടു മാസത്തിനിടെ കോണ്‍ഗ്രസ് വിടുന്ന പ്രമുഖ നേതാവാണ് ബസവരാജ് പാട്ടീൽ. അടുത്തിടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍നിന്ന് അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബ സിദ്ദീഖി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. അശോക് ചവാൻ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയിലാണ് മിലിന്ദ് ദേവ്റ ചേര്‍ന്നത്. രണ്ടുപേര്‍ക്കും രാജ്യസഭാ സീറ്റും ലഭിച്ചിരുന്നു. ബാബ സിദ്ദീഖി എന്‍സിപിയിലാണ് ചേര്‍ന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് തിരിച്ചടിയായി മാറും.