' ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ബോധപൂർവം' ; ഇന്ത്യാ സഖ്യം ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തും , മല്ലികാർജുൻ ഖാർഗെ

Update: 2024-05-22 09:34 GMT

ഇന്‍ഡ്യ സഖ്യത്തെ നിലനിര്‍ത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായിട്ടാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബോധപൂർവം കുറഞ്ഞ സീറ്റുകളിൽ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഒന്നിച്ചുചേര്‍ന്ന് ബി.ജെ.പി പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഖ്യകക്ഷികളെ ഒരുമിച്ച് നിർത്താനാണ് ഈ വിട്ടുവീഴ്ച ചെയ്തതെന്നും ഖാര്‍ഗെ പിടിഐയോട് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയെ പാര്‍ട്ടിയുടെ സ്വത്ത് എന്ന് വിശേഷിപ്പിച്ച ഖാര്‍ഗെ പ്രിയങ്ക കോണ്‍ഗ്രസിന്‍റെ താരപ്രചാരകയാണെന്നും കൂട്ടിച്ചേര്‍ത്തു. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ചാൽ ഏത് സീറ്റില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കേണ്ടി വരുന്നതെന്ന ചോദ്യത്തിന് അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ മറുപടി. സമാന ചിന്താഗതിക്കാരായ മറ്റ് പാർട്ടികളുമായി കൂടിയാലോചന നടത്തിയ ശേഷം എല്ലാ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഒരു കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. "പാർട്ടി ഹൈക്കമാൻഡ് ഈ തന്ത്രം അംഗീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾ കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് 200-ലധികം സീറ്റുകൾ വിട്ടുകൊടുത്തുകൊണ്ട് കോണ്‍ഗ്രസ് 328 സീറ്റുകളിലാണ് മത്സരിക്കുന്നത്. കേരളം, ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പല സഖ്യകക്ഷികളും പരസ്പരം പോരടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. "കേന്ദ്ര സർക്കാരിനെതിരെ പോരാടുന്നതിൽ അനൈക്യമില്ല. ചില സംസ്ഥാനങ്ങളിൽ രണ്ട് പാർട്ടികളും പ്രധാനമായതിനാൽ സംസ്ഥാനങ്ങളിൽ ഞങ്ങൾ പോരാടുകയാണ്, അല്ലാത്തപക്ഷം അത് ബി.ജെ.പിക്ക് ഗുണം ചെയ്യും."എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്‌തമായ സഖ്യമുണ്ടെന്നും എന്നാൽ തങ്ങൾ എല്ലാവരും ബി.ജെ.പിയുടെയും മോദിജിയുടെയും ആശയങ്ങൾക്കെതിരെയാണ് പോരാടുന്നതെന്നും പാർട്ടികൾ രാജ്യതാൽപര്യമുള്ള നല്ല ചിന്താഗതിയുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഖാര്‍ഗെ വിശദീകരിച്ചു.

"എനിക്ക് കർണാടകയിൽ കൃത്യമായ വിലയിരുത്തൽ നടത്താൻ കഴിയും. കാരണം എനിക്ക് സംസ്ഥാനത്തെ നന്നായി അറിയാം, എല്ലാ കാര്യങ്ങളും എനിക്കറിയാം. വ്യത്യസ്ത പ്രതികരണങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നു.ഞങ്ങൾ ബി.ജെ.പിയെ അധികാരത്തിൽ വരുന്നത് തടയും'' ഖാര്‍ഗെ പറഞ്ഞു. എന്നാൽ ഇ.ഡിയുടെയും സി.ബി.ഐയുടെയും ആവശ്യമില്ലെന്നും അവ നിരോധിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞതിനെക്കുറിച്ച് ഖാർഗെ കൃത്യമായ മറുപടി നൽകിയില്ല. “ഞങ്ങളുടെ സർക്കാർ വന്നാൽ, ഞങ്ങൾ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കും, ആളുകളെ ഉപദ്രവിക്കാൻ എന്ത് ചെയ്താലും ഞങ്ങൾ അതിനെ എതിർക്കും.അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന രീതി ബി.ജെ.പി ചെയ്തതുപോലെ ആരും സ്വീകരിച്ചിട്ടില്ല. അന്വേഷണങ്ങളും ശരിയായ അന്വേഷണങ്ങളും ഉണ്ടാകണം, എന്നാൽ ബിജെപി തന്നെ തെളിവുകളും കേസുകളും സൃഷ്ടിച്ച് ആളുകളെ ജയിലിൽ അടയ്ക്കുകയാണ്," അദ്ദേഹം ആരോപിച്ചു.

Tags:    

Similar News