മണിപ്പൂരിൽ വീണ്ടും സംഘർഷം ; വീടുകൾക്ക് തീയിട്ട് അജ്ഞാതർ

Update: 2024-06-13 16:44 GMT

സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ സ്കൂളിനും വീടുകൾക്കും അജ്ഞാതർ തീയിട്ടു. മണിപ്പൂരിന്റെ അതിർത്തി പട്ടണമായ മോറിനടുത്തുള്ള ടി മോതയിലെ ഒരു സ്കൂൾ കെട്ടിടത്തിനാണ് അജ്ഞാതർ തീയിട്ടത്. ജിരിബാം ജില്ലയിലെ കലിനഗറിൽ നിരവധി വീടുകൾക്കും കടകൾക്കും അജ്ഞാതർ തീയിട്ടു. ജൂൺ ആറിന് തുടങ്ങിയ സംഘർഷം ഒരാഴ്ച പിന്നിട്ടും നിയ​ന്ത്രണ വിധേയമായിട്ടില്ല. 2,000ത്തോളം ആളുകൾ അസമിലേക്കും ജിരിബാം പ്രദേശത്തിന്റെ മറ്റിടങ്ങളിലേക്കും പലായനം ചെയ്തതായാണ് റിപ്പോർട്ട്.

മോറെ ടൗണിന് സമീപം ജവഹർ നവോദയ വിദ്യാലയത്തിന്റെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിനാണ് അജ്ഞാതർ തീയിട്ടത്. 2023 മെയ് 3 ന് ചുരാചന്ദ്പൂർ ജില്ലയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അടച്ചിട്ടിരിക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിൽ ഒന്നാണ് മോറെ.തീയിട്ട സംഭവത്തെത്തുടർന്ന്, സുരക്ഷാ സേന സ്ഥലത്തെത്തുന്നത് തടയാൻ ചുറ്റുമുള്ള പ്രദേശങ്ങളിലെ ഗ്രാമവാസികൾ റോഡുകൾ അടച്ചതായും റിപ്പോർട്ടുണ്ട്.

മണിപ്പൂരിനോട് ചേർന്ന് കിടക്കുന്ന അസമിലേക്കാണ് ആളുകൾ കുടിയേറുന്നതെന്നാണ് റിപ്പോർട്ട്. ജൂൺ ആറിന് ജിരിബാം മേഖലയിൽ മെയ്തേയ് വിഭാഗത്തിൽപെട്ടയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നത്. വീടുകൾക്ക് തീയിടുകയും സംഘർഷം വ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആയിരക്കണക്കിന് ആളുകൾ വീടും നാടും ഉപേക്ഷിച്ച് പോയത്. ജിരിബാം ജില്ലയിൽ സ്‌പോർട്‌സ് കോംപ്ലക്‌സുകളിലും സ്‌കൂളുകളിലും ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 918 പേരാണ് കഴിയുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Similar News