സി കെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയെന്ന് എച്ച് ഡി ദേവഗൗഡ. ദേശീയ പ്രസിഡൻറ് പദവിയിൽ തുടരവേ വൈസ് പ്രസിഡൻറായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി. സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു.
നേരത്തേ കർണാടക സംസ്ഥാനാധ്യക്ഷനായ സി എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. തിങ്കളാഴ്ച സി കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് ബെംഗളുരുവിൽ ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ സിഎം ഇബ്രാഹിമും സികെ നാണുവും വിളിച്ചുചേർക്കുന്ന യോഗം പാർട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിൻറെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു.
ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എൻഡിഎയിൽ ചേർന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയായിരുന്നു.