ഉത്തർപ്രദേശിൽ ടോൾ ചാർജ് ചോദിച്ചതിന് ടോൾ പ്ലാസ ഇടിച്ച് തകർത്ത് ജെസിബി ഡ്രൈവർ; ജെസിബി ഡ്രൈവർ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ ടോൾ പ്ലാസ തകർത്ത് ജെസിബി ഡ്രൈവർ. ജീവനക്കാർ ടോൾ ചോദിച്ചതിൽ പ്രകോപിതനായ ജെസിബി ഡ്രൈവർ ടോൾ പ്ലാസ ജെസിബി ഉപയോഗിച്ച് തകർക്കുകയായിരുന്നു. ഡൽഹി-ലക്‌നൗ ഹൈവേ എൻഎച്ച്-9-ലെ ഛിജാരസി ടോൾ പ്ലാസയിലാണ് സംഭവം. ടോൾ തൊഴിലാളികൾ ടോൾ ചാർജ് ചോദിച്ചപ്പോൾ അസഭ്യം പറയുകയും ജെസിബി കൊണ്ട് ഇടിച്ച് രണ്ട് ടോൾ ബൂത്തുകളും തകർക്കുകയുമായിരുന്നുവെന്ന് ടോൾ മാനേജർ അജിത് ചൗധരി പറഞ്ഞു.
അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകർന്നതുൾപ്പെടെ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ടോൾ പ്ലാസ തകർത്ത ജെസിബി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ജെസിബിയും കസ്റ്റഡിയിൽ എടുത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ് പോലീസ്.