'താൽപ്പര്യമില്ലായ്മ'; വിവാഹം കഴിഞ്ഞ് വെറും 17 ദിവസം: വിവാഹം അസാധുവാക്കി ഹൈക്കോടതി
യുവ ദമ്പതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി ഉത്തരവ്. ഭർത്താവിന് പങ്കാളിയോട് താൽപ്പര്യമില്ലെന്ന കാരണത്താലാണ് ഔറംഗബാദ് കോടതി യുവ ദമ്പതികളുടെ വിവാഹം അസാധുവാക്കിയത്. ദമ്പതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും വിവാഹം റദ്ദാക്കുകയാണെന്നും കോടതി വിധിയിൽ പറയുന്നു.
വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 കാരിയായ യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയിൽ കോടതി ഈ അപേക്ഷ നിരസിച്ചു. ഇതിനെത്തുടർന്നാണ് ഭർത്താവ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. സാധാരണ രീതിയിൽ നിന്നും ഈ കേസിൽ പങ്കാളിയോടുള്ള താൽപ്പര്യമില്ലായ്മ വ്യത്യസ്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ആപേക്ഷിക ബലഹീനതയാണ് വിവാഹത്തിൽ നിന്ന് പിൻമാറാനായി യുവാവ് വിശദീകരിക്കുന്നത്. ഇത് കണക്കിലെടുത്ത കോടതി ഒരു വ്യക്തിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെങ്കിലും പങ്കാളിയുമായി അത് ചെയ്യാൻ കഴിവില്ലാത്ത ഒരു സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണിതെന്ന് പറയുന്നു. അത്തരം ആപേക്ഷിക ബലഹീനതയ്ക്ക് ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു.
ഈ കേസിൽ ഭർത്താവിന് ഭാര്യയോട് ആപേക്ഷികമായി ബലഹീനത ഉണ്ടെന്നാണ് മനസ്സിലാവുന്നത്. വിവാഹത്തിൽ നിന്ന് പിൻമാറാനുള്ള കാരണം ഭർത്താവിൻ്റെ ഈ പ്രത്യക്ഷമായ ആപേക്ഷിക ബലഹീനതയാണെന്ന് ഹൈക്കോടതി പറയുന്നു. ഇതുമൂലമുണ്ടാവുന്ന യുവദമ്പതികളുടെ നിരാശയും വേദനയും അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഏപ്രിൽ 15-നാണ് കോടതിയിൽ നിന്ന് വ്യത്യസ്ഥമായ വിധിന്യായമുണ്ടാവുന്നത്. വിഭ കങ്കൻവാടി, എസ്ജി ചപൽഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മാനസികമായും ശാരീരികമായും പരസ്പരം ഐക്യപ്പെടാൻ കഴിയാത്തവരെ സഹായിക്കുന്നതിനുള്ള ഉചിതമായ കേസാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.
2023 മാർച്ചിൽ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേർപിരിയുകയായിരുന്നു. താനുമായുള്ള ശാരീരിക ബന്ധം ഭർത്താവ് നിരസിച്ചതായും കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിവാഹം റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബ കോടതി ഹർജി തള്ളുകയായിരുന്നു. കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും വിവാഹം അസാധുവായി വിധിക്കുകയുമായിരുന്നു ഹൈക്കോടതി.