കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശം; കങ്കണ റണാവത്തിനെ തള്ളി ബിജെപി

Update: 2024-08-26 12:13 GMT

കർഷക സമരത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്നാണ്‌ ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ സ്വീകരിച്ച ശക്തമായ നടപടികൾ ഇല്ലെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നെന്ന കങ്കണയുടെ പ്രസ്താവനയെയാണ് ബിജെപി തള്ളിക്കളഞ്ഞിരിക്കുന്നത്.

കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി എംപി കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും കങ്കണ റണാവത്തിൻ്റെ പ്രസ്താവനയോട് ബിജെപിക്ക് വിയോജിപ്പുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ കങ്കണ റണാവത്തിന് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് കങ്കണ റണാവത്തിന് നിർദ്ദേശം നൽകിയതായും ബിജെപിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടി. കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ട സാഹചര്യമുണ്ടായിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായത്.

Tags:    

Similar News