എൻഡിഎ സർക്കാർ രൂപവത്കരിക്കാൻ ബിഹാറിൽ പ്രമേയം പാസാക്കി; ഇന്ത്യാ സഖ്യം മുന്നോട്ടുകൊണ്ടുപോകാൻ പരമാവധിശ്രമിച്ചെന്ന് നിതീഷ്

Update: 2024-01-28 08:58 GMT

ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചതിന് പിന്നാലെ ബി.ജെ.പിയും ജെഡിയുവും മറ്റ് സഖ്യകക്ഷികളും ചേർന്ന് സംസ്ഥാനത്ത് എൻഡിഎ സർക്കാർ രൂപവത്കരിക്കാനുള്ള പ്രമേയം ഐകകണ്ഠ്യേന പാസാക്കി ബിജെപി നിയമസഭാകക്ഷി യോഗം. ബി.ജെ.പി ദേശിയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയാണ് ഇത് മാധ്യമങ്ങളെ അറിയിച്ചത്.

സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായും വിജയ് സിൻഹയെ ഉപ നേതാവായും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന.ഞായറാഴ്ച രാവിലെയാണ് നിതീഷ് കുമാർ മന്ത്രിമാരായ വിജേന്ദ്ര യാദവിനും സഞ്ജയ് ഝായ്ക്കുമൊപ്പമെത്തി ഗവർണർക്ക് രാജി സമർപ്പിച്ചത്.

അതേസമയം ഇന്ത്യാ സഖ്യത്തിന്റെ മെല്ലെപ്പോക്ക് കാരണമാണ് മുന്നണി വിട്ടതെന്ന് ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാർ പറഞ്ഞു. ഇന്ത്യാ സഖ്യവുമായി ഒത്തൊരുമിച്ച് പോകാൻ പരമാവധി ശ്രമിച്ചുവെന്നും പക്ഷേ തന്റെ ആവശ്യങ്ങൾക്കൊന്നും സമയബന്ധിതമായ പ്രതികരണം ഉണ്ടാകാത്തതിനാലാണ് സഖ്യത്തിൽനിന്നും പുറത്തുവന്നതെന്നും നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. പട്നയിലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നിതീഷ്.

'ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഞാനിന്ന് രാജിവെച്ചു. മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവർണർ രാജേന്ദ്ര അർലേകറിനെ അറിയിച്ചു. എല്ലാ കാര്യങ്ങളും ശരിയായരീതിയിൽ അല്ലായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. ഞാൻ എല്ലാവരേയു കേട്ടു, എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചു, ഒടുവിൽ മന്ത്രിസഭ പിരിച്ചുവിടാൻ തീരുമാനിച്ചു. ഇന്ത്യാ സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ എന്നാലാവുംവിധം എല്ലാം ചെയ്തു. പക്ഷേ സഖ്യ കക്ഷികളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല,' നിതീഷ് കുമാർ വ്യക്തമാക്കി.

Tags:    

Similar News