മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്.
എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി ഒരു പടി മുന്നിലാണ്. ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍ പക്ഷം -54, ശിവസേന ഏക്നാഥ്ഷിന്‍ഡെ വിഭാഗം- 64 എന്നിങ്ങനെയാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്.
ഇതിനുപിന്നാലെയാണ് ബിജെപി ആദ്യ പട്ടിക പുറത്തുവിട്ടത്. 99 പേരുടെ പട്ടികയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂര്‍ സൗത്ത് വെസ്റ്റിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബെവന്‍കുലെ കാംത്തി മണ്ഡലത്തിലും മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍റെ മകള്‍ ശ്രീജയ ചവാന്‍ ബോക്കർ മണ്ഡലത്തിലും ജനവിധി തേടും.