ഭാരതീയ ന്യായ സംഹിത നാളെ മുതൽ പ്രാബല്യത്തിൽ ; ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾക്ക് തിരശീല വീഴുന്നു
ഇന്ത്യൻ പീനൽകോഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഐ.പി.സിക്ക് പകരം ഭാരതീയ ന്യായസംഹിത, സി.ആർ.പി.സിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവിൽവരുന്നത്.
സീറോ എഫ്.ഐ.ആർ, പരാതികളുടെ ഓൺലൈൻ രജിസ്ട്രേഷൻ, എസ്.എം.എസ് പോലുള്ള ഇലക്ട്രോണിക് മോഡുകൾ വഴിയുള്ള സമൻസുകൾ തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ആധുനിക നീതിന്യായ വ്യവസ്ഥയാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. നിലവിലെ സാമൂഹിക യാഥാർഥ്യങ്ങളെയും കുറ്റകൃത്യങ്ങളെയും അഭിസംബോധന ചെയ്യാനും ഭരണഘടനയിൽ പ്രതിപാദിക്കുന്ന ആദർശങ്ങൾ കണക്കിലെടുത്ത് ഇവയെ ഫലപ്രദമായി നേരിടാനുള്ള സംവിധാനം ഒരുക്കാനുമാണ് ശ്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ ശിക്ഷ നൽകുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്, എന്നാൽ പുതിയ നിയമസംഹിത നീതി ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഈ നിയമങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിലെ ഇന്ത്യക്കാർ ഉണ്ടാക്കിയതാണെന്നും കൊളോണിയൽ നിയമങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമമനുസരിച്ച് ക്രിമിനൽ കേസുകളിൽ വിചാരണ പൂർത്തിയായി 45 ദിവസത്തിനുള്ളിൽ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം. ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പോലീസ് ഓഫീസർ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തിൽ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ട് നൽകുകയും വേണമെന്നും പുതിയ നിയമത്തിൽ പറയുന്നു. ഐപിസി പ്രകാരം സെക്ഷൻ 302 കൊലപാതകത്തിനുള്ള ശിക്ഷയായാണ് കണക്കാക്കിയിരുന്നത്. ഇനി മുതൽ കൊലപാതകം സെക്ഷൻ 101 ന് കീഴിൽ വരും. കൂടാതെ, പുതിയ നിയമപ്രകാരം, സെക്ഷൻ 302 പിടിച്ചുപറിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഐപിസിയുടെ 420-ാം വകുപ്പ് വഞ്ചന കുറ്റമാണ്, എന്നാൽ പുതിയ നിയമത്തിൽ അതേ നമ്പറിൽ ഒരു വകുപ്പ് ഇല്ല. ഭാരതീയ ന്യായ സംഹിതയുടെ 316-ാം വകുപ്പിന് കീഴിലാണ് തട്ടിപ്പ് വരുന്നത്. നിയമവിരുദ്ധമായി സംഘം ചേരുന്നതുമായി ബന്ധപ്പെട്ട ഐപിസിയുടെ 144-ാം വകുപ്പിനെ ഇനി മുതൽ സെക്ഷൻ 187 എന്ന് വിളിക്കും. അതുപോലെ, ഇന്ത്യാ ഗവൺമെന്റിനെതിരായ പ്രവർത്തനങ്ങളെ ഐപിസിയുടെ 121-ാം വകുപ്പിനെ ഇനി സെക്ഷൻ 146 എന്ന് വിളിക്കും. മാനനഷ്ടം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 499-ാം വകുപ്പ് ഇപ്പോൾ പുതിയ നിയമത്തിന്റെ 354-ാം വകുപ്പിന് കീഴിലാണ്.IPC പ്രകാരമുള്ള ബലാത്സംഗത്തിനുള്ള ശിക്ഷ കൈകാര്യം ചെയ്യുന്ന വകുപ്പ് 376, ഇപ്പോൾ സെക്ഷൻ 63 ആണ്. പുതിയ നിയമപ്രകാരം, സെക്ഷൻ 64 ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ, സെക്ഷൻ 70 കൂട്ട ബലാത്സംഗ കുറ്റമാണ് കൈകാര്യം ചെയ്യുന്നത്.രാജ്യദ്രോഹം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 124-എ വകുപ്പ് ഇപ്പോൾ പുതിയ നിയമപ്രകാരം സെക്ഷൻ 150 എന്നറിയപ്പെടുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പുതിയ അധ്യായം തന്നെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതെങ്കിലും കുട്ടിയെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമത്തിൽ പറയുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവക്കാണ് പുതിയ നിയമത്തിൽ മുൻതൂക്കം നൽകിയിരിക്കുന്നത്.
33 കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷയും 83 കുറ്റങ്ങൾക്ക് പിഴയും വർധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർത്തു. 23 കുറ്റങ്ങൾക്ക് നിർബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങൾക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേർത്തു. 2023 ആഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ച നിയമസംഹിതക്ക് ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകി.