വനിതാ ഡോക്ടറുടെ കൊലപാതകം; മമതയുടെ രാജി ആവശ്യപ്പെട്ട് കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്

Update: 2024-08-27 04:42 GMT

കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ഇന്ന് വൻ പ്രതിഷേധ റാലി നടക്കും. 'നഭന്ന അഭിജാൻ' (സെക്രട്ടേറിയറ്റ് മാർച്ച്) എന്ന പേരിട്ടിരിക്കുന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് കൊൽക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. ത്രിതല സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ് മമതാ സർക്കാർ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് പ്രതിഷേധ മാർച്ച് തടയാനാണ് കൊൽക്കത്ത പൊലീസിന്റെ നീക്കം. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

ഓഗസ്റ്റ് 9ന് കൊൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ 31 വയസ്സുകാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ടാണ് വിദ്യാർഥി സംഘടനയുടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്. ബലാത്സംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ, മമതാ ബാനർജി രാജി വയ്ക്കണമെന്നും വിദ്യാർഥി സംഘടനയായ 'പശ്ചിംബംഗ ഛത്രോ സമാജ്' ആവശ്യപ്പെടുന്നുണ്ട്. റാലി സമാധാനപരമായിരിക്കുമെന്നാണ് വിദ്യാർഥി സംഘടനാ നേതാക്കൾ അറിയിച്ചിരിക്കുന്നത്.

പ്രതിഷേധത്തെ ഏതു വിധത്തിലും അടിച്ചമർത്താൻ തന്നെയാണ് പൊലീസിന്റെ നീക്കം. ബംഗാളിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ തെളിവുകൾ തങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു. പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച വിദ്യാർഥി സംഘത്തിൽപ്പെട്ടയാൾ ഒരു രാഷ്ട്രീയ പാർട്ടി നേതാവിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് കണ്ടുമുട്ടിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.

Tags:    

Similar News