പടക്ക നിരോധനം നടപ്പാക്കാത്തതിൽ ഡൽഹി പോലീസിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

Update: 2024-11-04 11:07 GMT

ഡൽഹിയിൽ പടക്ക നിരോധനം നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി ഡൽഹി പോലീസ് കമീഷണർക്ക് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സമ്പൂർണ പടക്ക നിരോധനം ഉറപ്പാക്കാൻ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കമീഷണറോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് പടക്ക നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപകമായ രീതിയിൽ നടപ്പാക്കിയിരുന്നില്ല എന്ന് പരാതിയുണ്ടായിരുന്നു.

ഈ വർഷം ഡൽഹിയിലെ മലിനീകരണ തോത് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇത് കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ വളരെ കൂടുതലാണ്. ദീപാവലിയോട് അനുബന്ധിച്ച് വൈക്കോൽ കത്തിക്കുന്ന കേസുകളും വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

ഈ സാഹാചര്യത്തിൽ ഒക്‌ടോബറിലെ അവസാന പത്ത് ദിവസങ്ങളിൽ വൈക്കോൽ കത്തിച്ച സംഭവങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചാബ്, ഹരിയാന സർക്കാരുകളോടും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല ഇതേകാലയളവിൽ ഡൽഹിയുടെ പരിധിയിലുള്ള ഫാമുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും ഡൽഹി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് നവംബർ 14ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News