വെടിവയ്പ്പ്; 3 പേർ പിടിയിൽ, യുപിയിൽ നിരോധനാജ്ഞ

Update: 2023-04-16 01:38 GMT

 സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാനിർദ്ദേശവും നൽകി. മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇവർക്കു നേരെ വെടിയുതിർത്തത്.

മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആതിഖ് വെടിയേറ്റു വീണതിനു തൊട്ടുപിന്നാലെ സഹോദരൻ അഷ്റഫിനു നേരെയും നിരവധി തവണ വെടിയുതിർത്തു.

വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നു പേർ യുപി പൊലീസ് പിടിയിലായി. സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യരാജ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിഷന്റെ ജുഡീഷ്യൽ അന്വേഷണത്തിനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സംഘർഷസാധ്യത ഒഴിവാക്കാൻ പ്രയാഗ്‌രാജിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്.

ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാർ ഖത്രിയുടെ സാന്നിധ്യത്തിൽ പൊലീസ് ഫൊറൻസിക് പരിശോധന നടത്തി.

വെടിവയ്പ്പിൽ ഒരു പൊലീസ് കോൺസ്റ്റബിളിനു പരുക്കേറ്റു. ബഹളത്തിനിടെ ഓടിമാറിയ ഒരു മാധ്യമപ്രവർത്തകനും വീണ് പരുക്കേറ്റു. കൊല്ലപ്പെട്ട ആതിഖിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ എസ്ആർഎൻ ആശുപത്രിയിലേക്കു മാറ്റി. ഇതരജില്ലകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ പ്രയാഗ് രാജിലേക്ക് എത്തിക്കാൻ നിർദ്ദേശം നൽകി. കാൻപുരിലും കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശമുണ്ട്.

Tags:    

Similar News