രാജസ്ഥാനില്‍ 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗഹലോത്

Update: 2023-06-01 06:35 GMT

സംസ്ഥാനത്ത് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്. ഇതോടെ 100 യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് പൂജ്യമായിരിക്കുമെന്നും ഗഹ്‌ലോത് വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു ഗെഹ്‌ലോതിന്റെ പ്രഖ്യാപനം.

'വിലക്കയറ്റ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ജനങ്ങളോട് സംവദിച്ചതില്‍ നിന്നും വൈദ്യുതി ബില്ലുകളില്‍ നല്‍കുന്ന ഇളവില്‍ മാറ്റം വേണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. മെയ് മാസത്തിലെ വൈദ്യുതി ബില്ലിലെ ഇന്ധന സര്‍ചാര്‍ജിലും മാറ്റം വേണമെന്ന പൊതു അഭിപ്രായം കണക്കിലെടുത്താണ് ഈ വലിയ തീരുമാനം കൈക്കൊണ്ടത്'. -ഗഹലോത് വ്യക്തമാക്കി.

കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയ കര്‍ണാടകയിലും വളരെയേറെ ജനകപ്രീതി നേടിയ പ്രഖ്യാപനമായിരുന്നു സൗജന്യ വൈദ്യുതി വിതരണം. ഇതിനു പുറമെ പാചകവാതകത്തിനും സബ്‌സിഡി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പ്രതിവര്‍ഷം അഞ്ഞൂറു രൂപ നിരക്കില്‍ 12 സിലിണ്ടറുകള്‍ വരെ ലഭിക്കും. 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ, സാമൂഹിക സുരക്ഷാ സ്‌കീം പ്രകാരം കുറഞ്ഞത് ആയിരം രൂപ പ്രതിമാസ പെന്‍ഷന്‍ എന്നിവയും കഴിഞ്ഞ വര്‍ഷം ഗഹലോത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News