ഒവൈസി അഞ്ചാം തവണയും പാർലമെന്‍റിലേക്ക്

Update: 2024-06-04 12:24 GMT

നാല് തവണ എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ അഞ്ചാം തവണയും വിജയത്തിലേക്ക്. ബിജെപി സ്ഥാനാർഥി മാധവി ലതയേക്കാളും മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ ഇതിനകം ഒവൈസി നേടിയിട്ടുണ്ട്.  ഒവൈസി 6,58,811 വോട്ടുകൾ നേടിയപ്പോൾ മാധവി ലത ഇതുവരെ നേടിയത് 3,20,476 വോട്ടുകളാണ്. കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് സമീറിന് 62,478 വോട്ടേ ലഭിച്ചുള്ളൂ.

2004 മുതൽ കഴിഞ്ഞ നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഒവൈസി ഹൈദരാബാദിൽ വിജയിച്ചു. 2019ൽ 2,82,186 വോട്ടുകൾക്ക് അദ്ദേഹം ബിജെപിയുടെ ഭഗവന്ത് റാവുവിനെ പരാജയപ്പെടുത്തി. 2014ലും ഭഗവന്ത് റാവുവിനെ തന്നെയാണ് ഒവൈസി പരാജയപ്പെടുത്തിയത്. 

1989 മുതൽ എഐഎംഐഎമ്മിന്‍റെ ശക്തികേന്ദ്രമാണ് ഹൈദരാബാദ്. സലാഹുദ്ദീൻ ഒവൈസി 1984 മുതൽ 1989 വരെ സ്വതന്ത്ര എംപിയായും പിന്നീട് 1989 മുതൽ 2004 വരെ എഐഎംഐഎം എംപിയായും ഹൈദരാബാദിനെ പ്രതിനിധീകരിച്ചു. ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി സീറ്റുകളും ഒവൈസിയുടെ പാർട്ടിയുടെ കയ്യിലാണ്.

Tags:    

Similar News