സനാതനധർമ വിരുദ്ധ പരാമർശം; തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് മന്ത്രി സ്ഥാനത്ത് തുടരാം, അയോഗ്യനാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

Update: 2024-03-06 09:38 GMT

സനാതനധർമ വിരുദ്ധ പരാമർശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് തത്കാലം ആശ്വാസം. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ഉദയനിധിക്കെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചു. വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമര്‍ശം നടത്തരുതായിരുന്നുവെന്നും പരാമർശം ഭരണഘടനാ താത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. മന്ത്രിക്കെതിരെ ക്വോ വാറന്‍റോ പുറപ്പെടുവിക്കണമെന്ന ആവശ്യം തള്ളി. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണം. ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാദപരാമർശത്തിനു ശേഷവും മന്ത്രിപദവിയിൽ തുടരുന്നത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവർത്തകനായ ടി. മനോഹർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിത സുമന്ത് ആണ് വിധി പറഞ്ഞത്. സെപ്റ്റംബരിലെ വിവാദപരാമർശ സമയത്ത് വേദിയിൽ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു, എ. രാജ എംപി എന്നിവരെ പുറത്താക്കണമെന്നും ഹർജിയിൽ ആവശ്യം ഉണ്ടായിരുന്നു. സനാതനധർമത്തിലെ ജാതി വ്യവസ്ഥയ്ക്കെതിരെ ആണ് സംസാരിച്ചതെന്നും ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള വ്യവസ്ഥകൾ പാർലമെന്‍റിനു മാത്രമേ തീരുമാനിക്കാൻ ആകൂ എന്നുമാണ് ഉദയനിധി വാദിച്ചത്.

അതേസമയം ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യണമെന്ന് പ്രസംഗിച്ച മന്ത്രി സത്യപ്രതിജ്ഞലംഘനം നടത്തിയെന്നും വിദ്വേഷ പരാമർശത്തിന്‍റെ പരിധിയിൽ വരുമെന്നും ആയിരുന്നു ഹർജിക്കാരന്‍റെ വാദം. നവംബറിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുകയായിരുന്നു.  

Tags:    

Similar News