കർഷക സമരം; ഒരു കർഷകൻ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി; ഒരു കോടി ധനസഹായം നിരസിച്ച് കുടുംബം

Update: 2024-02-23 10:42 GMT

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷകസമരത്തിനിടെ ഖനൗരിയിൽ ഒരു കർഷകൻ കൂടി മരിച്ചു. ദർശൻ സിങ് എന്ന കർഷകൻ മരിച്ചത്. 63 വയസായിരുന്നു. ഭട്ടിൻഡയിലെ അമർഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി. മരിച്ച കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിർത്തിയിൽ കർഷകർ മരിക്കുന്നത് തടയാനുളള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലാണ്.

കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരൻ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച പഞ്ചാബ് സർക്കാരിന്റെ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കർഷകന് വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരൻ സിങ്ങിന്റെ കുടുംബം പറഞ്ഞു. ഖനൗരി അതിർത്തിയിലെ കർഷക സമരത്തിനിടെ മരിച്ച ശുഭ്കരൻ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഭട്ടിൻഡ സ്വദേശിയായ ശുഭ്കരൻ സിങ്ങ് കൊല്ലപ്പെടുകയും 12 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച കർഷകർ ബാരിക്കേഡുകൾക്ക് അടുത്തേക്ക് പോകാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

Tags:    

Similar News