അമൃത്പാല്‍ 6-ാം ദിവസവും കാണാമറയത്ത്; ഭാര്യയെ ചോദ്യം ചെയ്തു

Update: 2023-03-23 04:56 GMT

പോലീസ് അന്വേഷണം ആറാം ദിവസത്തിലേക്ക് കടന്നിട്ടും ഖലിസ്താന്‍ വാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ് കാണാമറയത്തുതന്നെ. ഏറ്റവും ഒടുവില്‍ അമൃത്പാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്ക്‌ കഴിഞ്ഞ ദിവസം കണ്ടെത്തിയെങ്കിലും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെ പഞ്ചാബ് പോലീസിന് ലഭിച്ചിട്ടില്ല. ജലന്ധറില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ ദാരാപുരിലെ കനാലില്‍ ഉപേക്ഷിക്കപ്പെട്ടനിലയിലായിരുന്നു ബൈക്ക്. ഇതിനിടെ മുച്ചക്ര വണ്ടിയില്‍ കയറി രക്ഷപ്പെടുന്ന അമൃത്പാലിന്റെ പുതിയ ചിത്രവും പുറത്തുവന്നു.

ഗുരുദ്വാരയില്‍ നിന്ന് ഒരു കൂട്ടാളിക്കൊപ്പം മോട്ടോര്‍ബൈക്കുമായി കാര്‍ട്ടില്‍ കയറ്റി രക്ഷപ്പെടുന്ന അമൃത്പാലിന്റെ ചിത്രമാണ് പുറത്തുവന്നത്. ഇന്ധനം തീര്‍ന്നതിനാലാണോ അതോ മറ്റെന്തെങ്കിലും മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍കൊണ്ടാണോ ബൈക്ക് കാര്‍ട്ടില്‍ കയറ്റിയതെന്ന കാര്യത്തില്‍ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. നേരത്തെ നാല് കൂട്ടാളികള്‍ക്കൊപ്പമാണ് അമൃത്പാല്‍ ഗുരുദ്വാരയിലേക്ക് എത്തിയത്. എന്നാല്‍ പുതിയ ചിത്രത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമേ അമൃത്പാലിനൊപ്പമുള്ളു.

അതിനിടെ അമൃത്പാലിന്റെ മാതാവ് ബല്‍വീന്ദര്‍ കൗറിനേയും ഭാര്യ കിരണ്‍ദീപ് കൗറിനേയും പഞ്ചാബ് പോലീസ് ചോദ്യംചെയ്തു. ബുധനാഴ്ച അമൃത്സറിലെ ജല്ലുപുര്‍ ഖേരയിലെത്തിയാണ് ഇരുവരേയും അന്വേഷണ സംഘം ചോദ്യംചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യു.കെ സ്വദേശിയായ കിരണ്‍ദീപ് കൗറുമായുള്ള അമൃത്പാലിന്റെ വിവാഹം. വാരിസ് പഞ്ചാബ് ദേ സംഘടനയ്ക്ക് വിദേശത്തുനിന്ന് ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ടും കിരണ്‍ദീപ് കൗറിന്റെ പേരില്‍ ആരോപണം ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം നിരവധി സ്ത്രീകളുമായി അമൃത്പാലിന് അവിഹിത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് അശ്ലീല വീഡിയോ കാണിച്ച് യുവതികളെ അമൃത്പാല്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റുചെയ്യാന്‍ പോലീസ് നീക്കം ശക്തമാക്കിയതോടെ ശനിയാഴ്ചയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് അമൃത്പാല്‍ കടന്നുകളഞ്ഞത്. ഒളിവില്‍ കഴിയാന്‍ വേഷത്തിലും രൂപത്തിലും മാറ്റംവരുത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് പ്രതിയുടെ വിവിധരൂപത്തിലുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടിരുന്നു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ ഉള്‍പ്പെടെ സംഭവവുമായി ബന്ധപ്പെട്ട് 150ലേറെ പേരെ ഇതുവരെ അറസ്റ്റു ചെയ്തു. അമൃത്പാല്‍ രാജ്യം വിട്ടേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിത്തിയിലും നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.

Similar News