ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് രജനികാന്ത്; ഒരു യുഗം അവസാനിച്ചെന്ന് ബച്ചന്‍

Update: 2024-10-11 07:00 GMT

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായിരുന്ന രത്തന്‍ ടാറ്റയെ അനുസ്മരിച്ച് സിനിമാരംഗത്തെ പ്രമുഖര്‍.രത്തന്‍ ടാറ്റയുടെ വിയോഗത്തോടെ ഒരു യുഗം അവസാനിച്ചെന്ന് അമിതാഭ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് നടന്‍ രജനികാന്തും അനുസ്മരിച്ചു.

ഒരു യുഗം അവസാനിച്ചിരിക്കുന്നു. രാജ്യത്തിന് ഏറ്റവും മികച്ചത് നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദൃഢനിശ്ചയവും. എന്നും അഭിമാനമാണ്. പൊതുവായ മാനുഷിക ആവശ്യങ്ങള്‍ക്കായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഏറ്റവും വലിയ ബഹുമതിയാണ്. - അമിതാഭ് ബച്ചന്‍ കുറിച്ചു.

തന്റെ കാഴ്ചപ്പാടുകളും അഭിനിവേശവും കൊണ്ട് ഇന്ത്യയെ ലോകത്തിന് മുമ്പിലെത്തിച്ച ഇതിഹാസം. ആയിരക്കണക്കിന് വ്യവസായികളെ പ്രചോദിപ്പിച്ച മനുഷ്യന്‍. ഒരുപാട് തലമുറകളിലായി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത മനുഷ്യന്‍. അദ്ദേഹത്തിന് എന്റെ സല്യൂട്ട്. അദ്ദേഹവുമായി ചെലവഴിച്ച നിമിഷങ്ങള്‍ എക്കാലവും ഞാന്‍ വിലമതിക്കും. ഇന്ത്യയുടെ യഥാര്‍ഥ മകനാണ് വിടപറഞ്ഞിരിക്കുന്നത്.- രജനികാന്ത് കുറിച്ചു.

തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ ബുധനാഴ്ചയാണ് അന്തരിച്ചത്. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി.ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.

Tags:    

Similar News