'രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തി, അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്ക്' - കെ. അണ്ണാമലൈ
രാജ്യത്തെ വ്യവസായികളെ കോൺഗ്രസ് അപകീർത്തിപ്പെടുത്തിയെന്നും അംബാനിയും അദാനിയും എന്നത് അവർക്ക് വൃത്തികെട്ട വാക്കാണെന്നും ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. അംബാനിയും അദാനിയും കോൺഗ്രസിന് ടെംപോ വാൻ നിറയെ കള്ളപ്പണം കൈമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ ഈ പരാമർശം.
2019 മുതൽ കോൺഗ്രസ് വ്യവസായികൾക്കെതിരെ രംഗത്തുണ്ട്. ഇത്രനാളായി അധിക്ഷേപിക്കുന്ന വ്യവസായികളിൽ നിന്ന് നിങ്ങൾ ഇപ്പോൾ എത്ര പണം കൈപ്പറ്റിയെന്ന് പറയൂ എന്നാണ് പ്രധാനമന്ത്രി പറയാൻ ഉദ്ദേശിച്ചത്. കോൺഗ്രസിന്റെ ചിന്താഗതി വ്യവസായികൾ അനധികൃതമായി പണം സമ്പാദിക്കുന്നുവെന്നാണ്. അംബാനിയും അദാനിയും വൃത്തികെട്ട വാക്കാണവർക്കെന്നും ആ വ്യവസായികളിൽ നിന്ന് കോൺഗ്രസ് എത്ര പണം കൈപ്പറ്റിയെന്ന് പറയണമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അണ്ണാമലൈ പറഞ്ഞു.
നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്താൻ എത്തിയതായിരുന്നു കോയമ്പത്തൂർ ബി.ജെ.പി സ്ഥാനാർഥിയായ അണ്ണാമലൈ.
ഇന്നലെ കരീംനഗറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അദാനിയും അംബാനിയും ടെംപോ വാനിൽ നിറയെ ചാക്ക് കണക്കിന് കള്ളപ്പണം കോൺഗ്രസിന് നൽകിയോ എന്ന് വെളിപ്പെടത്തണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ, മോദിയുടെ സുഹൃത്തുക്കളായ ഗൗതം അദാനിയും മുകേഷ് അംബാനിയും കള്ളപ്പണം അയച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയെയോ ഇ.ഡിയോ അയക്കണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.