മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസിൽ നടൻ സാഹിൽ ഖാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ജാമ്യം തേടിയുള്ള സാഹിൽ ഖാന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘം ഛത്തിസ്ഗഡിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്.
ഛത്തിസ്ഗഡ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് സാഹിൽ ഖാനെ പിടികൂടിയത്. ഇയാളെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. സാഹിൽ ഖാന്റെ പേരിലുള്ള ‘ദ് ലയൺ ബുക് ആപ്’ മഹാദേവ് ബെറ്റിങ് ആപിന്റെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഛത്തിസ്ഗഡിലെ സാമ്പത്തിക റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും മഹാദേവ് ആപ്പിന്റെ പ്രൊമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് എസ്ഐടി അന്വേഷണം നടത്തി വരികയാണ്. മഹാദേവ് ആപ്പിന്റെ ഭാഗമായ മറ്റൊരു ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടി നടി തമന്നയോട് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഇന്ത്യൻ പ്രിമിയർ ലീഗ് മത്സരങ്ങൾക്ക് പ്രചാരണം നൽകിയതിന് മഹാരാഷ്ട്ര സൈബർ സെല്ലാണ് തമന്നയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് 6000കോടിയുടെ കള്ളപ്പണ ഇടപാട് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.