ഗണപതി പൂജക്ക് മോദി വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ഗണേശോത്സവ പൂജക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വീട്ടിൽ വന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് നവംബർ 10ന് വിരമിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ എക്‌സ്‌പ്രസ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിൽ തങ്ങളുടെ ഉത്തരവാദിത്തമെന്താണെന്ന് ജഡ്ജിമാർക്കും അവരുടെ ഉത്തരവാദിത്തമെന്താണെന്ന് രാഷ്ട്രീയക്കാർക്കുമറിയാം. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും തമ്മിലുള്ള അധികാര വിഭജനം ഇരുകൂട്ടരും തമ്മിൽ കണ്ടുമുട്ടാൻ പാടില്ലെന്ന് അർഥമാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. രാഷ്ട്രപതി ഭവനിലും മറ്റും പ്രധാനമന്ത്രിയുമായും മന്ത്രിമാരുമായും ന്യായാധിപന്മാർ സംഭാഷണം നടത്താറുണ്ടെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 12ന് പൂജക്ക് പ്രധാനമന്ത്രിയെ വിളിച്ചതിൽ പ്രതിപക്ഷവും മുതിർന്ന അഭിഭാഷകരും രൂക്ഷ വിമർശനം നടത്തിയിരുന്നു.