ഡൽഹിയിൽ 18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ; പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി
2024-25 സാമ്പത്തിക വർഷം മുതൽ ഡൽഹിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാൻ ആം ആദ്മി സർക്കാർ. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ പദ്ധതിവഴിയാണ് പ്രതിമാസം ആയിരം രൂപ നൽകുക.
ധനമന്ത്രി അതിഷി ഇന്ന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെയുള്ള സുപ്രധാന പ്രഖ്യാപനം. തന്റെ കന്നി ബജറ്റ് പ്രസംഗമാണ് അതിഷി നടത്തിയത്.
സർക്കാർ ഉദ്യോഗസ്ഥർ, പെൻഷൻ ലഭിക്കുന്നവർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവരൊഴികെയുള്ള സ്ത്രീകൾക്കാകും ആയിരം രൂപ നൽകുക. 76,000 കോടി രൂപയുടെ ബജറ്റാണ് 2024–25 വർഷം സഭയിൽ അവതരിപ്പിച്ചത്.
രാമരാജ്യ സ്വപ്നം സാക്ഷാത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ബജറ്റ് പ്രസംഗത്തിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഖ്യമായാണ് ഇത്തവണ ഡൽഹിയിൽ മത്സരിക്കുന്നത്.