അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു; ശരദ് പവാറിന്‍റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ട്

Update: 2024-07-17 06:54 GMT

ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എൻസിപി അജിത് പവാർ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു. പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് പാർട്ടിയിൽ നിന്നും രാജിവച്ചത്. ഇവർ ഈ ആഴ്ചയിൽ തന്നെ ശരദ് പവാറിൻറെ പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും രാജിവച്ചവരിൽ ഉൾപ്പെടുന്നുണ്ട്. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാർട്ടിവിട്ട മറ്റു നേതാക്കൾ എന്നാണ് പുറത്തു വരുന്ന വിവരം. അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിൻറെ എൻസിപിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് നേതാക്കളുടെ രാജി വാർത്ത പുറത്തു വരുന്നത്. തൻ്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രതിച്ഛായയെ മുറിവേൽപ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അജിത്ത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്നും 5 പേരാണ് വിട്ടു നിന്നത്. പതിനഞ്ചോളം എംഎൽഎമാർ ശരത്പവാർ പക്ഷവുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ തൻറെ ഒപ്പം നിൽക്കുന്നവരുടെ കാര്യത്തിൽ പൂർണമായി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് അജിത് പവാർ രംഗത്ത് വരികയായിരുന്നു.

Tags:    

Similar News