ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നതായും വ്യക്തമാക്കുന്നു. കൂടാതെ കപ്പൽ കമ്പനി നൽകിയ പരാതികളിലും കോടതിയുടെ നിലപാട് നിർണ്ണായകമാണ്. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നതായും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
.........................
അന്തരീക്ഷ മലിനീകരണത്തിന് കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കാരണമാകുന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തള്ളിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കേസ് തീർപ്പാക്കിയത്. ക്വാറിയുടെ പ്രവർത്തനം കാരണം പരിസ്ഥിതി മലിനീകരണമില്ലെന്നും പരാതിക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് ഭംഗം വന്നിട്ടുണ്ടെന്ന പരാതി ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
.........................
ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 5.30വരെ നീളും. 55 ലക്ഷത്തിലേറെ പേർക്ക് സമ്മതിദാനാവകാശമുള്ള സംസ്ഥാനത്ത് 68 നിയമസഭാസീറ്റുകളിലേക്കായി 412 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം പോളിംഗിൽ പുതിയ ചരിത്രം കുറിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. കന്നി വോട്ടർമാർക്ക് പ്രധാനമന്ത്രി ആശംസ അറിയിക്കുകയും ചെയ്തു. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
.........................
മേയർ ആര്യാ രാജേന്ദ്രന്റെപേരിൽ പ്രചരിക്കുന്ന കത്തിൽ പാർട്ടി അന്വേഷണമോ നടപടിയോ വേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. പോലീസ് അന്വേഷണം നടക്കുന്നതിനാൽ, അതിൽ തീർപ്പുണ്ടാവട്ടെയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. തിടുക്കപ്പെട്ട് പാർട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്നാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്. മേയർ നൽകിയ വിശദീകരണം പാർട്ടിക്കും പൊതുജനങ്ങൾക്കും ബോധ്യപ്പെടുന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അത് മുഖവിലയ്‌ക്കെടുത്ത് മേയർക്ക് രാഷ്ട്രീയസംരക്ഷണം ഉറപ്പാക്കാനാണ് തീരുമാനം.
.........................
പുതിയ സ്കൂൾ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പഠിക്കുന്ന വിലങ്ങ് യു പി സ്കൂളിലെ വിദ്യാർത്ഥികളെ സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ. കിഴക്കമ്പലം പഞ്ചായത്തും എഞ്ചിനീയറിംഗ് വിഭാഗവും തമ്മിലെ തർക്കം പരിഹരിക്കാൻ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു.
.........................
ഗവർണറുമായുളള ഏറ്റുമുട്ടലിൻറെ ഭാഗമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിൻറെ സാധ്യതകൾ സജീവമായി പരിഗണിച്ച് സർക്കാർ. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും. ഡിസംബർ 15 ന് സഭ താൽക്കാലികമായി പിരിഞ്ഞ് ക്രിസ്‍തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം.
.........................
ഈ മാസം ഗോവയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കെ.പി.എ.സി. ലളിത ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് സ്നേഹാഞ്ജലി അർപ്പിക്കും. കെ.പി.എ.സി. ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകൻ കെ.കെ., സംവിധായകൻ പ്രതാപ് പോത്തൻ എന്നിവരെയാണ് സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി അനുസ്മരിക്കുന്നത്. മൂന്നുപേരുടെയും ഏറ്റവും അവിസ്മരണീയമായ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.