വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-11-10 14:00 GMT

കപ്പല്‍ ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ബന്ദികള്‍ ആയി കഴിയുന്നവരെല്ലാം സുരക്ഷിതര്‍ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. അന്താരാഷ്ട്ര ചട്ടംപാലിച്ച് കൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പൊള്‍ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ട് തവണ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ കണ്ടെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

............................

കിഴക്കമ്പലത്തെ ട്വന്റി 20യെ മര്യാദ പഠിപ്പിക്കുമെന്ന് പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി. എംഎൽഎ പങ്കെടുക്കുന്ന പൊതു പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന ട്വന്‍റി 20 നിലപാട് അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ക്ഷമയെ പരീക്ഷിച്ചാൽ മാന്യതയും മര്യാദയും പഠിപ്പിക്കുമെന്നും, പഞ്ചായത്തെന്നാൽ സംസ്ഥാന സർക്കാരിന്‍റെ മുകളിൽ അല്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിലെ മലയിടംത്തുരുത്ത് സ്കൂളിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

............................

കൊല്ലത്തെ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലൻസ് പിടികൂടി. കല്ലുവാതുക്കൽ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ജോണി ജെ.ബോസ്കോയാണ് വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും പതിനായിരം രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ മൂന്ന് റോഡുകൾ നിർമിക്കുന്നതിനുള്ള കരാറിന് 25,000 രൂപയാണ് ഇയ്യാൾ കൈക്കൂലി ചോദിച്ചത്. അതിൽ 15,000 രൂപ നൽകിയിരുന്നു. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ വിജിലൻസിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു.

............................

തമിഴ്‌നാട്ടിലെ മധുര ജില്ലയില്‍ ഉസ്‌ലാംപെട്ടിയിക്ക് സമീപം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

............................

കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി സുപ്രീംകോടതി. വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍ നിന്നു ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തില്‍ നിന്നു നീക്കം ചെയ്യണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്നു വ്യക്തമാക്കിയിരിക്കുന്നത്.

കൃത്രിമ ഗര്‍ഭാധാരണ, സറോഗസി നിയന്ത്രണ നിയമങ്ങള്‍ക്കെതിരേ ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് നല്‍കിയ ഹര്‍ജിക്കൊപ്പം ചേര്‍ത്ത് ഈ ഹര്‍ജിയും പരിഗണിക്കാമെന്നാണ് നിലവിൽ കോടതി പറഞ്ഞിരിക്കുന്നത്.

............................

ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സഞ്ജുവിന് പകരം ടീമിലെത്തിയ കാര്‍ത്തിക്കും പന്തും ഒറ്റ മത്സരത്തില്‍ പോലും രണ്ടക്കം കടന്നില്ലെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

............................

Tags:    

Similar News