ഗാസയില്‍ ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം

Update: 2023-10-18 05:23 GMT

ഗാസയില്‍ ആശുപത്രിക്കുനേരെ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം. ആക്രമണത്തില്‍ 500-ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും അറിയിക്കുന്നത്. ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന യുഎന്‍ സ്‌കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ആശുപത്രിക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍ ഉള്ളത്. പ്രാകൃത ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും ലോകം ഇതറിയണമെന്നുമാണ്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. 'ലോകം മുഴുവന്‍ അറിയണം, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അല്ല ഗാസയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. ക്രൂരന്മാരായ ഭീകരവാദികളാണ്. ഞങ്ങളുടെ കുട്ടികളെ ക്രൂരമായി കൊന്നവര്‍ സ്വന്തം മക്കളെയും കൊല്ലുന്നു', എന്നാണ് നെതന്യാഹു എക്‌സില്‍ കുറിച്ചത്. ഇസ്ലാമിക് ജിഹാദികളുടെ ലക്ഷ്യം തെറ്റിയ റോക്കറ്റാണ് ആശുപത്രിക്ക് മേല്‍ പതിച്ചതെന്ന് തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News