വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-14 14:14 GMT

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്.

............................................

കേന്ദ്രസർക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്; എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് മോദി സർക്കാർ പ്രചരിപ്പിക്കുകയാണെന്നും മഹുവ കുറ്റപ്പെടുത്തി. സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് ധനമന്ത്രി നിർമല സീതാരാമനോട് മഹുവ ആവശ്യപ്പെടുകയും ചെയ്തു.

............................................

ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നിലവിൽ പ്രതികളുടെ അറസ്റ്റ് അനിവാര്യം അല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണം തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു.

............................................

തെക്കു പടിഞ്ഞാറ് ഡൽഹിയിൽ പതിനേഴുകാരിയുടെ നേർക്ക് ആസി‍ഡ് ആക്രമണം. ദ്വാരക മേഖലയിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പിതാവ് അറിയിച്ചു.

.............................................

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്നാണ് യാത്രയുടെ ഭാഗമായത്.

............................................

ഡൽഹി എയിംസ് സെർവർ ഹാക്കിങ്ങിന് പിന്നിൽ ചൈനീസ് സംഘമെന്ന് എഫ് ഐ ആർ. ആക്രമണം നടന്നത് ചൈനയിൽ നിന്നാണെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു. ആകെയുള്ള നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ചൈനീസ് ഹാക്കർമാർക്ക് നുഴഞ്ഞ് കയറാൻ സാധിച്ചത്. ഈ അഞ്ച് സെർവറുകളിലെയും വിവരങ്ങൾ തിരിച്ചെടുത്ത് പുനസ്ഥാപിച്ചു.

............................................

ബിഹാറിലെ ചാപ്രയിൽ വ്യാജമദ്യം കഴിച്ച് ഇരുപത് പേർ മരിച്ചു. ഈ വർഷം ബിഹാറിൽ നൂറിലധികം പേരാണ് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചത്. വിഷയം നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് ആരോഗ്യ പ്രശ്നങ്ങൾ പ്രകടിപ്പിച്ചത്.

............................................

നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണം പിടികൂടി. മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തിൽ ആണ് ശരീരത്തിൽ സ്വർണം ഒളിപ്പിച്ചത്. 1. 28 കോടി രൂപ വില വരുന്നതാണ് സ്വർണം.

............................................

പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നവർ ശുചിത്വം പാലിക്കണമെന്നും മാലിന്യം വലിച്ചെറിയരുതെന്നും അബുദാബി നഗരസഭ അഭ്യർഥിച്ചു. പരിസ്ഥിതി സംരക്ഷണവും നഗരസൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

............................................

സൗദിയിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി പിഴ വീഴും. മാലിന്യ സംസ്‌കരണത്തിനുള്ള ചട്ടങ്ങളും നിയമ ലംഘനങ്ങളുടെ തോതും നിശ്ചയിച്ച് ദേശീയ മാലിന്യ നിർമ്മാർജ്ജന കേന്ദ്രം പട്ടിക പുറത്തിറക്കി. നിയമ ലംഘകർക്ക് ആയിരം മുതൽ അരലക്ഷം റിയാൽ വരെ പിഴ ചുമത്തും.

............................................

യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുളള സൗകര്യം ഇല്ലാതാകുന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ദുബൈയിൽ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സാധ്യത. പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും. ദുബൈയിൽ പക്ഷെ, പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.

............................................

Tags:    

Similar News