ലോകകപ്പിലെ ഫേവറിറ്റുകളായ ബ്രസീലിന് ഇന്ന് ആദ്യമൽസരം ഗ്രൂപ്പ് ജിയിൽ രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന മൽസരത്തിൽ സെർബിയയാണ് ബ്രസീലിന്റെ എതിരാളി. സൂപ്പർ താരം നെയ്മറിന്റെ മികവിലൂന്നി ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്നാണ് ബ്രസീൽ പ്രതീക്ഷിക്കുന്നത്. ആദ്യ മൽസരത്തിനിറങ്ങുമ്പോൾ പ്രകടമായ മുൻ തൂക്ക്ം ബ്രസിലീനാണെങ്കിലും മുൻചാമ്പ്യൻമാരായ അർജന്റീനയും ജർമനിയും ഇതിനകം തന്നെ അട്ടിമറിക്കപ്പെട്ടത് ബ്രസീലിന്റെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.റിച്ചാലിസനെ ഏക സ്‌ട്രൈക്കറാക്കിയാണ് ബ്രസീലിൻെ ഗെയിം പ്ലാൻ.വിനീഷ്യസ്-നെയ്മർ-റഫീന്യ ത്രയം തൊട്ടുതാഴെ കളിക്കും.ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമിറോ-ലൂക്കാസ് പാ്ക്വിറ്റ സഖ്യം കരുത്താകും.പ്രതിരോധ നിരയിലെ തിയാഗോ സിൽവയാണ് ടീമിനെ നയിക്കുന്നത്.
****
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനമാകും ലോകകപ്പിലെ ആദ്യമൽസരത്തിനായി ഘാനയ്‌ക്കെതിരെ ഇറങ്ങുന്ന പോർച്ചുഗലിന്റെ വിധി നിർണയിക്കുക്.രാത്രി ഒമ്പതരയ്ക്കാണ് പോർച്ചുഗൽ ഘാന മൽസരം.
****
സൗദിയും ജപ്പാനും മുൻലോകചാംപ്യൻമാരെ അ്ട്ടിമറിച്ചതോടെ ഏഷ്യൻ ടീമുകളുടെ പ്രകടനം ശ്രദ്ധേയമാകുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയ ഇന്ന് യുറഗ്വായ്‌ക്കെതിരെ ആദ്യ മൽസരത്തിനിറങ്ങുന്നത്. മൽസരത്തിൽ ദക്ഷിണകൊറിയയുടെ സൂപ്പർ താരം സൺ ഹ്യൂങ് മിൻ കളിക്കാൻ സാധ്യതയേറെയാണ്.
****
അൽതുമാമ സ്റ്റേഡിയത്തിൽ കോസ്റ്റാറിക്കക്കെതിരെ ഗോൾ മഴ പെയ്യിച്ച് സ്‌പെയിൻ. ഏകപക്ഷീയമായ ഏഴുഗോളുകൾക്കാണ് സ്‌പെയിൻ കോസ്റ്റാറിക്കയെ തകർത്തത്. ലോകകപ്പുകളിലെ സ്‌പെയിന്റെ ഏറ്റവും വലിയ വിജയമാണിത്.ഫെറാൻ ടോറസ് ഇരട്ടഗോൾ നേടി. ഡാനി ഒൽമോ , മാർക്കോ അലൻസിയോ, ഗാവി, കാർലോസ് സോളർ, അൽവാരോ മൊറാ്ട്ട എന്നിവരും ഗോളുകൾ നേടി.
****
എട്ടുമിനുട്ടിനിടെ ജർമനിയുടെ വലയിൽ രണ്ടുതവണ പന്തെത്തിച്ച് ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ജർമനിയെ മുക്കി ജപ്പാൻ നേടി.ഇ ഗ്രൂപ്പ് പോരാട്ടത്തിൽ ജപ്പാൻ മുൻലോകചാമ്പ്യൻമാരായ ജർമനിയെ 2-1നാണ് അ്ട്ടിമറിച്ചത്. പെനാൽട്ടിയിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ ശേഷമാണ് ജർമനി അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയത്.
****
മലബാർ പര്യടനത്തിന്റെ ഭാഗമായി കണ്ണൂരിലെത്തിയ ശശി തരൂർ എംപിയ്ക്ക് വൻ സ്വീകരണം. വലിയ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തരൂരിനെ വരവേറ്റത്.
*****
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ മേയറുടെ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. ഓംബുഡ്സ്മാന്റെ കത്തിന് മറുപടി നൽകിയതിന് പിന്നാലെ ഹൈക്കോടതിക്കും കോർപ്പറേഷൻ രേഖാമൂലം മറുപടി നൽകും. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ നഗരസഭയ്ക്ക് മുന്നിൽ ഇന്നും തുടരും.
തിരുവനന്തപുരം നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽകേസെടുത്ത പശ്ചാത്തലത്തിലാണ് മേയറുടെമൊഴി വിശദമായി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിലിന്റെയും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴികളും ഉടൻ രേഖപ്പെടുത്തും.
*****
തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു.ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു
ഇന്നലെയാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂർ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെൻററിനടുത്തുവച്ചാണ് മൂവർക്കും കുത്തേൽക്കുന്നത്.ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
****
വീണ്ടും കബാലി എന്ന കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി കെഎസ്ആർടിസി ബസ്സിനു നേരെയാണ് പരാക്രമം കാണിച്ചത്. ചാലക്കുടിയിൽ നിന്ന് മലക്കപ്പാറക്ക് പോയ ബസിനു നേരെ ആണ് ആന പാഞ്ഞടുത്തത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലായിരുന്നു സംഭവം. പാഞ്ഞടുത്ത കബാലി കൊമ്പിൽ കുത്തി ബസുയർത്തി താഴെ വച്ചു. ആർക്കും പരിക്കില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ ആണ്.രണ്ടു മണിക്കൂറിലേറെ കബാലി പരാക്രമം തുടർന്നു. രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്
*******
കണ്ണൂർ, തലശേരിയിൽ 17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന പിതാവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ വിജുമോനെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്.
തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്. ആശുപത്രിയുടെ അനാസ്ഥ കാരണം ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്, കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്.
കയ്യിന്റെ എല്ല് പൊട്ടിയതിനെ തുടർന്നാണ് കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രിയിൽ എല്ലു ഡോക്ടർ ഉണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറാണ് കുട്ടിയ്ക്ക് ചികിത്സ നൽകിയത്. എക്സറേയുടെ ചിത്രം എടുത്ത് എല്ലു ഡോക്ടർക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് ചികിത്സ നൽകുന്നത്.
എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
****
സംസ്ഥാനത്തു വിൽക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപന നികുതി 4 ശതമാനവും ബവ്‌റിജസ് കോർപറേഷനുള്ള കൈകാര്യച്ചെലവ് ഒരു ശതമാനവും ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. വിൽപനവിലയിൽ 2% വർധനയാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു. 10 രൂപ മുതൽ വർധനയാണു പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് വിദേശ മദ്യം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികളിൽ നിന്ന് ഈടാക്കുന്ന 5% വിറ്റുവരവു നികുതി ഒഴിവാക്കും. ഇതു മൂലമുള്ള നഷ്ടം നികത്താനാണ് ഇപ്പോഴത്തെ വർധന. വിൽപന നികുതി വർധനയ്ക്കുള്ള ബിൽ ഡിസംബർ 5ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടു വരും.
*****
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസ്സുകാരനെ അയൽവാസിയുടെ പൂവൻകോഴി ആക്രമിച്ചതായി പരാതി. മുഖത്തും തലയിലും പലയിടത്തായി മുറിവേറ്റ കുട്ടിയെ മാതാവ് ഓടിയെത്തിയാണു കോഴിയിൽ നിന്നു രക്ഷിച്ചത്. ഇടതുകണ്ണിനു താഴെയും കവിളത്തും നെറ്റിയിലും തലയിലും മുറിവേറ്റ കുട്ടിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 18ന് രാവിലെ 10.30ന് മഞ്ഞുമ്മൽ മുട്ടാർകടവ് റോഡിൽ കോൽപറമ്പിൽ കെ.എ.ഹുസൈൻകുട്ടിയുടെ വീട്ടിലാണ് സംഭവം