മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വര്‍ഷം

Update: 2022-11-26 11:32 GMT


ലോക മനഃസാക്ഷിയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പതിന്നാല് വര്‍ഷം തികയുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു 2008 നവംബര്‍ 26ന് മുംബൈയില്‍ നടമാടിയ ഭീകരാക്രമണം. പത്ത് ലഷ്‌കര്‍ഇതൊയ്ബ ഭീകരര്‍ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മഹാനഗരിയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം മൂന്നു ദിവസത്തോളം രാജ്യത്തെയും മുംബൈയെയും മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.

ആള്‍ക്കൂട്ടത്തിനു നേരെ നിര്‍ദാക്ഷിണ്യം വെടിവയ്ക്കുകയായിരുന്നു പാകിസ്ഥാന്‍ ഭീകരര്‍. വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാം ഭീകരരുടെ തോക്കിനിരയായി. വിദേശിള്‍ ഉള്‍പ്പെടെ 175 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നുറു പേര്‍ക്കു പരിക്കേറ്റു. നിരവധി പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. ഏറ്റുമുട്ടലില്‍ ഒന്‍പതു ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിനിടയില്‍ 22 സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. അജ്മല്‍ അമീര്‍ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബിനെ 2012 നവംബര്‍ 21ന് തൂക്കിക്കൊന്നു.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ് ഹോട്ടല്‍, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രിഡന്റ് ഹോട്ടല്‍ എന്നിവിടങ്ങള്‍ പാക്ക് ഭീകരര്‍ ചോരക്കളമാക്കി മാറ്റുകയായിരുന്നു. തോക്ക്, ഗ്രനേഡ്, മറ്റു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഭീകരര്‍ മുംബൈ നഗരത്തെ ആക്രമിച്ചത്. പാക്കിസ്ഥാന്‍ നഗരമായ കറാച്ചിയില്‍ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്‌കര്‍ ഭീകരര്‍ മുംബൈയിലെത്തിയത്. രാജ്യത്തെ സുരക്ഷാസംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചാണ് ഇവര്‍ മുംബൈയില്‍ പ്രവേശിക്കുന്നത്.

ഏറ്റുമുട്ടലില്‍ മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കര്‍കരെ, എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വിജയ് സലസ്‌കര്‍ എന്നീ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രാജ്യത്തിനു നഷ്ടമായി.എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോമാരായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗ് എന്നിവര്‍ക്കും ജീവന്‍ നഷ്ടമായി. താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയ ഭീകരര്‍ക്ക് എതിരായ പോരാട്ടത്തിലാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ വീരമൃത്യു വരിച്ചത്.വീരമൃത്യു വരിച്ച സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരും ഇന്നും ഉണങ്ങാത്ത മുറിവുകളായി ഓരോ രാജ്യസ്‌നേഹിയിലുമുണ്ട്.

Similar News