ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാര്‍ട്ടി വിജയം ഉറപ്പിച്ചു. 15 വർഷമായി കോര്‍പറേഷന്‍ ഭരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയാണ് എഎപി ചരിത്രവിജയം കുറിക്കുന്നത്. ആകെയുള്ള 250 സീറ്റിൽ 134 സീറ്റിൽ ആം ആദ്‌മി വിജയിച്ചു. ഭരണകക്ഷിയായ ബിജെപിക്ക് 104 സീറ്റിലാണ് വിജയിക്കാനായത്. കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെ 9 സീറ്റുകളിലേക്ക് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. 250 വാർഡുകളിലേക്കാണ് ഞായറാഴ്‌ച തെരഞ്ഞെടുപ്പ് നടന്നത്. 2017ൽ ബിജെപി 181, ആം ആദ്‌മി 48, കോൺഗ്രസ് 30 എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ അണികളെ അഭിസംബോധന ചെയ്തു.
.................
വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള എല്ലാ വികസന പദ്ധതികളിലും സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു മുഖ്യമന്ത്രി.
..............
മയക്കുമരുന്ന് വലയിൽ എട്ടാം ക്ലാസുകാരി പെട്ടുപോയ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് എംഎല്‍എ മാര്‍ നിയമസഭയിൽ ആവശ്യപ്പെട്ടു. കെപി മോഹനന്‍, കെകെ രമ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര നിയമത്തിൽ പഴുതുണ്ടെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.നിലവിലുള്ള നിയമത്തിന്‍റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനെതിരെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയോജിപ്പിച്ച ഇടപെടൽ ആലോചിക്കുകയാണെന്നും നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
...............
സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ തടസവാദങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍ കേന്ദ്രം എല്ലാ അധികാരങ്ങളും കയ്യടക്കുമ്പോള്‍ കയ്യടിക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്ന് മന്ത്രി പി രാജീവ് വിമര്‍ശിച്ചു.
...............
ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ചാന്‍സലറെയാണ് കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലിയില്‍ നിയമിച്ചിരി ക്കുന്നതെന്ന്, മല്ലികാ സാരാഭായിയുടെ നിയമനം ചൂണ്ടിക്കാട്ടി മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ ചാന്‍സലറാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.................
വിലക്കയറ്റം രാജ്യത്താകമാനമുള്ള വിഷയമാണെന്നും കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാന്‍ സർക്കാർ ഇടപെടലുകൾക്ക് കഴിയുന്നുണ്ടെന്നും മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. കാര്യക്ഷമമായ വിപണി ഇടപെടലുകൾ വിലക്കയറ്റത്തിന് കടിഞ്ഞാണിടുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നൽകി.
................
റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷം ഇത് അഞ്ചാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്.
..............
ഇക്വറ്റോറിയൽ ഗിനിയയിൽ നൈജീരിയൻ നാവികസേന തടവിലാക്കിയ ചരക്കു കപ്പലിലെ മലയാളികളടക്കമുള്ള നാവികരുടെ മോചനം കഴിയുന്നത്ര വേഗം സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാവികർ സുരക്ഷിതരാണെന്നും അവർ കഴിയുന്ന കപ്പലിലെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ടതാണെന്നും നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഉദ്ധരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
...............
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു. മാതാപിതാക്കളുടെ ആവശ്യം കണക്കിലെടുത്താണ് കോളജ് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.