വാർത്തകൾ ചുരുക്കത്തിൽ

Update: 2022-11-23 11:51 GMT


സംസ്ഥാനത്ത് പാൽ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് 6 രൂപയാണ് കൂട്ടിയത്. മില്‍മ ചെയര്‍മാന്‍ കെ എസ് മണിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 1 മുതല്‍ വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്ന് അദ്ദേഹം അറിയിച്ചു. പാല്‍വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കര്‍ഷകര്‍ക്കായിരിക്കും ഇതിന്‍റെ പ്രയോജനമെന്നും മന്ത്രി ജെ.ചിഞ്ചുറാണിയും അറിയിച്ചു.

.............

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികൾ ബിവറേജസ് കോർപറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെയാണ് മദ്യ വില വർധിക്കുന്നത്.

..............

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പുതിയ സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു-പുണെ, ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലാണ് ആകാശ എയർ സർവീസ് നടത്തുക. ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് ഇത്.

.............

വന്‍ മാറ്റങ്ങള്‍ക്ക് തയ്യാറെടുത്ത് എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള സർവീസുകൾ വിപുലീകരിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും എയർ ഇന്ത്യ പുനരാരംഭിക്കും.

............

ജീവനക്കാരെ നിർബന്ധിതമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ നാസന്‍റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോണിന് സമൻസ് അയച്ചത്.

..............

ഏറ്റവും വേഗത്തിൽ യു എ ഇ യിലെ ജനങ്ങൾക്ക് പലവ്യഞ്‌ജനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പുമായി കരാർ ഒപ്പിട്ടതായി ആമസോൺ അറിയിച്ചു. വരും ആഴ്ചകളിൽ ആമസോണിൽ നിന്ന് ലുലുവിന്റെ സാധനങ്ങൾ ലഭ്യമായിത്തുടങ്ങും. തുടർന്ന് ഘട്ടം ഘട്ടമായായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ആമസോൺ വഴി ലുലുവിന്റെ ഓൺലൈൻ സേവനം ലഭ്യമാക്കും. കുറഞ്ഞ സമയത്തിൽ സൗകര്യപ്രദമായ രീതിയിൽ യുഎഇയിലെ ഉപഭോക്താക്കൾക്കായി ശുദ്ധമായ പലവ്യഞ്‌ജനങ്ങൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

..............

യുറോപ്പിലെ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകി ഐടി ഭീമനായ വിപ്രോ. ഇങ്ങനെ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമാണ് വിപ്രോ. ജീവനക്കാരെ യൂറോപ്യൻ വർക്ക്സ് കൗൺസിൽ രൂപീകരിക്കാനും പ്രവർത്തിക്കാനും ഇനി മുതൽ വിപ്രോ അനുവദിക്കും. യൂറോപ്പിൽ വിവിധ വിഭാഗങ്ങളിലായി കമ്പനിക്ക് 30,000-ത്തിലധികം ജീവനക്കാരുണ്ട്.

...............

താരിഫ് വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഹരിയാന, ഒഡീഷ സർക്കിളുകളിലാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. 57 ശതമാനമാണ് വർധന.

Similar News