തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. . കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍ യോഗത്തിന്റെ അധ്യക്ഷത വഹിക്കരുതെന്നാണ് ആവശ്യപ്പെട്ട് യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ബാനറും ഉയര്‍ത്തി മേയര്‍ക്ക് നേരെ ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് മേയര്‍ യോഗം അവസാനിപ്പിച്ചത്.
................
കോഴിക്കോട് കോര്‍പ്പറേഷനില്‍ കെട്ടിട നമ്പര്‍ ക്രമക്കേടിന് പിന്നാലെ റവന്യൂ വിഭാഗത്തില്‍ സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നികുതി പിരിവിന്റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാര്‍ പണം തട്ടിയതായായി കണ്ടെത്തിയെന്നാണ് വിവരം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തദ്ദേശ ഭരണ വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി.
..............................
തിരുവനന്തപുരം-കാസര്‍കോഡ് അര്‍ദ്ധ അതിവേഗ റെയില്‍ സര്‍വ്വീസായ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണ് തീരുമാനം. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രാനുമതി വൈകുന്നതും കാരണമാണ്. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമരസമിതി പ്രതികരിച്ചു.
...................
സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിിലെത്തിയപ്പോഴാണ് കാനം രാജേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
....................
രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനധികൃതമായി ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ പോലും താന്‍ നിയോഗിച്ചിട്ടില്ലെന്നും മുന്‍കാലങ്ങളില്‍ ഉള്ള അതേ എണ്ണം ജീവനക്കാരാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിലിറക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതിയ കാര്‍ പോലും മാറ്റിത്തരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിഷയം ഇനി താന്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കുമെന്ന് ഇന്നലെ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്ഭവനിലെ ജീവനക്കാരെ സംബന്ധിത്ത വിവരങ്ങള്‍ ഇടത് കേന്ദ്രങ്ങള്‍ ചര്‍ച്ചയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഇന്ന് പ്രതികരിച്ചത്.
..................
പ്രിയ വര്‍ഗീസിന്റെ വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തില്‍ കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ രാജിവെക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സമാനമായ വഴിയില്‍ തിരുവനന്തപുരം മേയറും രാജിവയ്‌ക്കേണ്ടതുണ്ട്. വഴിവിട്ട നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിര്‍മാണം എന്തിന് നടത്തുന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.......................
പത്തനംതിട്ട ളാഹയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠനെ കോട്ടയം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശരീരത്തിന്റെ പുറം ഭാഗത്തുണ്ടായ ക്ഷതം പരിഹരിക്കാനുളള ശസ്ത്രക്രിയയാണ് നടത്തിയത്. കുട്ടിയുടെ കരളിനും ശ്വാസകോശത്തിനും ക്ഷതമേറ്റിട്ടുണ്ട്. വലതു കാല്‍മുട്ടിനു പരുക്കുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടി. മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ രാജശേഖരന്‍,രാജേഷ്,ഗോപി എന്നിവര്‍ക്ക് കൈയ്ക്കും കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരും ചികില്‍സയിലാണ്. ശ്വാസതടസത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ട തരുണ്‍ എന്ന അയ്യപ്പനും നിരീക്ഷണത്തിലാണെന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
.........................
കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം കേസ് ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ബാറില്‍ വച്ച് ബിയറില്‍ പൊടി കലര്‍ത്തി നല്‍കിയതായി സംശയിക്കുന്നു. ഇതിന് ശേഷമാണ് താന്‍ അവശയായതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഫോണ്‍ പൊലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം കേസില്‍ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശിയായ യുവതി കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു
................
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത യുവാവിനെ കഞ്ഞിക്കുഴി പൊലീസ്അറസ്റ്റ് ചെയ്തു. ഇടുക്കി കീരിത്തോട് കിഴക്കേപാത്തിക്കല്‍ അനന്ദു ഹരിയെ ആണ് പൊലീസ് പിടികൂടിയത്. സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ആണ് യുവാവ് ഭീഷണിപ്പെടുത്തിയത്.
..................
മിഡില്‍ ഈസ്റ്റിലേക്ക് ശ്രീലങ്കന്‍ യുവതികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലേക്ക് മടങ്ങിവരവേയാണ് ഇയാളെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഒമാനിലേക്കും ദുബായിലേക്കും ശ്രീലങ്കന്‍ യുവതികളെ കടത്തിയ സംഭവത്തില്‍ 44 കാരനായ ഇയാള്‍ക്ക് ബന്ധമുണ്ട് ശ്രീലങ്കന്‍ പൊലീസ് പറഞ്ഞു.
.............
ചൈനയില്‍ വീണ്ടും കൊവിഡ് പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 24,473 പുതിയ രോഗബാധയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗ വ്യാപനത്തെ തുടര്‍ന്ന് പല നഗരങ്ങളിലും അടച്ച് പൂട്ടല്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷി ജിങ് പിങിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈന രോഗ വ്യാപനത്തിന്റെ തുടക്കം മുതല്‍ സീറോ കൊവിഡ് പോളിസിയാണ് പിന്തുടരുന്നത്. ഇതിന്റെ ഫലമായി ഒരു നഗരത്തില്‍ ഒരു കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചാല്‍ ആ നഗരം മുഴുവനായും അടച്ച് പൂട്ടാന്‍ നിര്‍ബന്ധിതമായിരുന്നു.
.................
ഫിഫ-ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നാളെ ഖത്തറിലെത്തും. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണപ്രകാരമാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഖത്തറും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും ശക്തിപ്പെടുത്തുന്നതാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളെ വൈകിട്ട് ഖത്തര്‍ സമയം അഞ്ചു മണിക്ക് അല്‍ബെയ്?ത്? സ്?റ്റേഡിയത്തിലാണ്? ഉദ്?ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. രാത്രി ഏഴിനാണ്? ഉദ്?ഘാടന മത്സരം. ആതിഥേയരായ ഖത്തറും എക്വഡോറും തമ്മിലാണ് ആദ്യ പോരാട്ടം.
................
ഖത്തര്‍ ലോകകപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഖത്തറിലെ മനുഷ്യാവകാശ വിഷയങ്ങളെ കുറിച്ച് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ നടത്തുന്ന റിപ്പോര്‍ട്ടിംഗ് രീതി കാപട്യം നിറഞ്ഞതാണെന്ന് ഫിഫ പ്രസിഡണ്ടന്റ് ഗ്യാനി ഇന്‍ഫാന്റിനോ. ലൈംഗിക ന്യൂനപക്ഷങ്ങളോടും തൊഴിലാളികളോടുമുള്ള ഖത്തറിന്റെ സമീപനത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയെ കുറിച്ച് പറയുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ ഖത്തറിന് വേണ്ടി പ്രതിരോധം തീര്‍ക്കുകയല്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ശേഷി ഖത്തറിനുണ്ടെന്നും ഫിഫ പ്രസിഡണ്ടന്റ് കൂട്ടിച്ചേര്‍ത്തു