കേര പദ്ധതിക്ക് ലോക ബാങ്കിന്റെ അംഗീകാരം; ലക്ഷ്യം കാർഷിക മേഖലയുടെ സമഗ്ര വികസനം

Update: 2024-11-04 05:40 GMT

കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്റെ അംഗീകാരം. പദ്ധതിക്കായി 200 മില്യൺ ഡോളർ (ഏകദേശം 1655.85 കോടി രൂപ) വായ്പ നൽകും. ഇന്റർനാഷണൽ ബാങ്ക് ഓഫ് റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റിൽ (ഐബിആർഡി) നിന്നാണ് വായ്പ അനുവദിക്കുന്നത്. ആറ് വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 23.5 വർഷത്തെ കാലാവധിയാണുള്ളത്.

280 മില്യൺ ഡോളറിന്റെ പദ്ധതിയിൽ 709.65 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ നാല് ലക്ഷം കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വർധിക്കും.

അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്ത്രീകൾക്കും ഉൾപ്പെടെ ഒമ്പത് മില്യൺ ഡോളർ വാണിജ്യ ധനസഹായവും പദ്ധതി മുഖേന ലഭിക്കും. ചെറുകിട കർഷകർക്കും കാർഷിക മേഖലയിലെ സംരംഭകർക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികൾ അവലംബിച്ച് കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താൻ സഹായിക്കുന്ന പദ്ധതിയാണ് 'കേര'. കാലാവസ്ഥ അനുകൂല മുറകൾ, കാർഷിക ഉത്പാദനങ്ങളിലെ മൂല്യവർധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

Similar News