കെ.എസ്.ആർ.ടി.സി. വണ്ടി പിടിച്ചിട്ടാൽ തമിഴ്നാടിന്റെ വണ്ടിയും പിടിച്ചിടും; മന്ത്രി ഗണേഷ്‌കുമാർ

Update: 2024-06-28 06:09 GMT

കെ.എസ്.ആർ.ടി.സി. ബസ് തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ ബസ് ഇവിടെ പിടിച്ചിടുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്കു കൂടിയാലോചന ഇല്ലാതെ നികുതി വർധിപ്പിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഗതാഗതവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് തമിഴ്‌നാടിന്റെ നടപടിയെ മന്ത്രി വിമർശിച്ചത്.

'തമിഴ്‌നാട്ടുകാർ മനസ്സിലാക്കണം, ശബരിമല സീസൺ വരുകയാണ് അവിടെനിന്നാണ് ഇങ്ങോട്ട് കൂടുതൽ ആളുകൾ വരുന്നത്. ഞങ്ങളും ഖജനാവിൽ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെനിന്നു വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെ.എസ്.ആർ.ടി.സി. വണ്ടി പിടിച്ചിട്ടാൽ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും. അതിലൊന്നും വിട്ടുവീഴ്ചയുമില്ല.

അങ്ങനെ നമ്മുടെ അടുത്ത് കളിക്കേണ്ട. അയൽ സംസ്ഥാനവുമായി സ്‌നേഹത്തിൽ പോകുകയാണ്. കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് നികുതി ഉയർത്തിയത്. ഇന്ത്യ മുഴുവൻ ഒരു നികുതിയെന്നാണ് കേന്ദ്രം പറയുന്നത്. കർശനമായ നിലപാട് സ്വീകരിക്കും' മന്ത്രി പറഞ്ഞു.

മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാർ ഗ്രാമസഭകൾ ചേർന്ന് ബസ് റൂട്ടുകൾ തയ്യാറാക്കും. ഈ പെർമിറ്റുകൾ സർക്കാർ ലേലത്തിൽവയ്ക്കും. പൊതുഗതാഗതം ഇല്ലാത്ത ഒരു ഇടവഴിപോലും സംസ്ഥാനത്തുണ്ടാകില്ല. ശൗചാലയങ്ങളുടെയും ഓഫീസിന്റെയും ശുചിത്വം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി. ഹൗസ് കീപ്പിങ് ടീം രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന അന്യസംസ്ഥാനബസുകൾക്ക് തമിഴ്നാട്ടിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ളവയടക്കം 545 ബസുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.

Tags:    

Similar News