'പട്ടി' പരാമർശം: കൃഷ്ണദാസിന് ധാർഷ്ട്യം, മാധ്യമങ്ങൾ കൂടുതൽ ആർജവത്തോടെ പ്രതികരിക്കണമെന്ന് ഷാഫി പറമ്പിൽ

Update: 2024-10-26 03:57 GMT

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസിൻറെ അധിക്ഷേപ പരാമർശം ജനാധിപത്യ വിരുദ്ധമെന്ന് ഷാഫി പറമ്പിൽ എം.പി. കൃഷ്ണദാസിന് ധാർഷ്ട്യമാണ്. മാധ്യമപ്രതിനിധികൾ കൂടുതൽ ആർജവത്തോടെ പ്രതികരിക്കണം. കോട്ടിട്ട ദേശീയ രൂപത്തിൻറെ സംസ്ഥാന രൂപവും നിയമസഭയിലെ രൂപവുമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ പ്രചാരണം ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ആക്രമിക്കാനുള്ള ശ്രമങ്ങളെയും അപമാനിക്കാനുള്ള ശ്രമങ്ങളെയും ഭയപ്പെടുന്നില്ല. അവഗണിക്കാനുള്ള ശ്രമങ്ങളെയാണ് ഭയപ്പെടുന്നതെന്നും എന്നാൽ, തങ്ങളെ അവഗണിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്നുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഷാനിബ് ആർക്കൊപ്പം കൂടിയാലും ബി.ജെ.പിക്ക് സഹായമാകുമെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെയാണ് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപിച്ചത്. ''ഞങ്ങടെ പാർട്ടിയിലെ കാര്യം ഞങ്ങൾ തീർത്തോളാം. മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറയേണ്ട ആവശ്യമില്ല. നിങ്ങൾ കഴുകന്മാരെപ്പോലെ നടക്കുകയല്ലേ. ആരോട് ചർച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ല. എല്ലാവരോടും സംസാരിക്കുന്നതു പോലെ തന്നോട് സംസാരിക്കരുത്. കോലുംകൊണ്ട് തന്റെ മുന്നിലേക്കു വരേണ്ടെന്നും മാറാൻ പറഞ്ഞാൽ മാറിക്കൊള്ളണം'' എന്നുമായിരുന്നു കൃഷ്ണദാസിൻറെ പരാമർശങ്ങൾ.

ഇന്നലെ വൈകീട്ട് നാലരക്ക് പ്രവർത്തകരുടെ കരഘോഷങ്ങളോടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ എൽ.ഡി.എഫ് കൺവെൻഷനിൽ കൊണ്ടുവന്നപ്പോഴും എൻ.എൻ. കൃഷ്ണദാസ് അധിക്ഷേപം തുടർന്നു. ''സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് പറഞ്ഞവർ ലജ്ജിച്ച് തല താഴ്ത്തുക. രാവിലെ മുതൽ ഇപ്പോഴും ഇറച്ചിക്കടക്കു മുന്നിൽ പട്ടികൾ എന്നപോലെ ഷുക്കൂറിന്റെ വീടിനു മുന്നിൽ കാത്തുനിന്നവർ തലതാഴ്ത്തുക'' എന്നു പറഞ്ഞാണ് സദസിലേക്ക് ഷുക്കൂറിനെ കൊണ്ടുവന്നത്.

'ഇറച്ചിക്കടക്ക് മുന്നിലെ പട്ടികൾ' എന്ന വാക്ക് തുടർച്ചയായി പറഞ്ഞപ്പോൾ മാധ്യമപ്രവർത്തകർ പ്രതികരിച്ചപ്പോഴും ആ പ്രയോഗം തുടർന്നു. ഷുക്കൂറിൻറെ പ്രതികരണത്തിന് മാധ്യമപ്രവർത്തകർ ശ്രമിച്ചപ്പോൾ കൃഷ്ണദാസ് സമ്മതിച്ചില്ല. എങ്ങോട്ടാണ് പോയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ''ഇഷ്ടമുള്ളയിടത്ത് പോകും, നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല'' എന്നും മറുപടി നൽകി. മാധ്യമപ്രവർത്തകർ പ്രതികരിച്ചപ്പോൾ സി.പി.എം പ്രവർത്തകരെത്തി മാധ്യമ പ്രതിനിധികളോട് പോകാനാവശ്യപ്പെട്ടു.

Similar News